കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നു മുഖ്യമന്ത്രി
സംസ്ഥാനത്തു കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളില്‍ നിന്ന് പണമീടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിന്‍ എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്. പക്ഷേ നല്‍കുന്ന വാക്‌സിനെല്ലാം സൗജന്യമായാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണ ക്രമാതീതമായി കുറയുന്നുണ്ടെന്നും, അത് ആശ്വാസകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മരണ നിരക്കില്‍ വര്‍ധനവുണ്ടായതായും മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോള്‍ ദിനപ്രതി മുപ്പതോളം പേര്‍ മരിക്കുന്നതായിട്ടാണ് കണക്ക്. തദ്ദേശ തെരഞ്ഞെടുപ്പ് രോഗത്തിന് വഴി വെച്ചില്ലെങ്കില്‍ ക്രമാതീതമായി കോവിഡ് കുറയ്ക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ തദ്ദേശ തെരഞ്ഞുപ്പുമായി ബന്ധപ്പെട്ട് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു.
അതേസമയം, കൊവിഡ് വാക്‌സിന്‍ വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായുള്ള അധിക വാക്‌സിന്‍ സംഭരണികള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് വാക്‌സിന്‍ സൂക്ഷിക്കാനായി രാജ്യത്തെ നിലവിലെ ശീതീകരണ ശൃംഖല സംവിധാനത്തില്‍ 28,947 ഇടങ്ങളിലായി 85,634 സംഭരണികളുണ്ട്. വാക്ക് ഇന്‍ കൂളറുകള്‍, ട്രാന്‍സ്‌പോര്‍ട്ട് ബോക്‌സ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ 85,634 സംഭരണികള്‍.







