കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് പിണറായി വിജയന്‍
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ബുധനാഴ്ച രാവിലെ ഭാര്യ കമലയ്ക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ചതിന്റെ ചിത്രവും മുഖ്യമന്ത്രി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ‘കോവിഡ് വാക്‌സിന്‍ ഇന്ന് സ്വീകരിച്ചു. ആശങ്കയില്ലാതെ, ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്‌സിനേഷന്‍ സ്വീകരിച്ചു രോഗപ്രതിരോധം തീര്‍ക്കണം. കോവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാം.’ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വാക്‌സിന്‍ സ്വീകരിക്കാന്‍ ആരും മടിക്കരുതെന്നും എല്ലാവരും മുന്നോട്ടുവരണമെന്നും വാക്‌സിന്‍ എടുത്ത ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് വാക്‌സിനെതിരെ ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ സമൂഹം ഇത് അംഗീകരിച്ചിട്ടില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ലോകത്ത് പല മാരകരോഗങ്ങളെയും തടത്തുനിര്‍ത്താന്‍ മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്സിനുകളാണെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തെ രണ്ടാം ഘട്ട വാക്‌സിനേഷന്റെ ഭാഗമായി സംസ്ഥാനത്തും 60 വയസ് കഴിഞ്ഞവര്‍ക്കുള്ള കോവിഡ് വാക്‌സീനേഷന്‍ ഇന്നലെ മുതലാണ് ആരംഭിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് വാക്‌സിനേഷന്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാന്‍ സൗകര്യമുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന്‍ സൗജന്യമാണ്.







