അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നു ; തുറന്നു പറഞ്ഞ് രാഹുല്‍ ഗാന്ധി
ഇന്ത്യയില്‍ 1975 ലെ അടിയന്തരാവസ്ഥ ഒരു തെറ്റായ തീരുമാനമായിരുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമ്പത്തികവിദഗ്ധന്‍ കൗശിക് ബസുവുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് മുത്തശ്ശിയായ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരുന്നു കാലത്തെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നുവെന്ന് രാഹുല്‍ തുറന്നു സമ്മതിച്ചത്. തന്റെ മുത്തശ്ശിയും ഇത് തെറ്റാണെന്ന് സമ്മതിച്ചിട്ടുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. 1977-77 കാലഘട്ടത്തിലായിരുന്നു രാജ്യത്ത് അടിയന്തരവാസ്ഥ. അന്ന് സംഭവിച്ചത് തെറ്റാണെന്ന് വ്യക്തമാക്കിയ രാഹുല്‍, ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു അന്നത്തെ സാഹചര്യങ്ങളെന്നും എന്നാല്‍ രാജ്യത്തിന്റെ ഭരണസംവിധാനം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും പ്രത്യേകം കൂട്ടിച്ചേര്‍ത്തു.
അത് ഒരു തെറ്റാണെന്ന് ഞാന്‍ കരുതുന്നു. തീര്‍ച്ചയായും അത് ഒരു തെറ്റാണ്. എന്റെ മുത്തശ്ശിയും അത് പറഞ്ഞു. പക്ഷേ ഒരു ഘട്ടത്തിലും ഇന്ത്യയുടെ സ്ഥാപിത ചട്ടക്കൂടുകള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. തുറന്നുപറഞ്ഞാല്‍ അതിനുള്ള കഴിവ് ഉണ്ടായിരുന്നില്ല. അങ്ങനെ ചെയ്യാന്‍ കോണ്‍ഗ്രസിന്റെ രൂപകല്‍പ്പന അനുവദിക്കുന്നില്ല’ എന്നായിരുന്നു വാക്കുകള്‍.1975 മുതല്‍ 77 വരെ 21 മാസത്തോളം നീണ്ട അടിയന്തരാവസ്ഥകാലത്ത് രാജ്യത്തെ ഭരണഘടനാപരമായ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും താല്‍ക്കാലികമായി റദ്ദാക്കി. മാധ്യമങ്ങളെ കര്‍ശനമായി നിയന്ത്രിക്കുകയും നിരവധി പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ‘നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമായിരുന്നു’ അന്നത്തെ സാഹചര്യമെന്നും രാഹുല്‍ വിശദീകരിക്കുന്നു.
1975 നും 1977 നും ഇടയില്‍ സംഭവിച്ചതും ഇന്ന് സംഭവിക്കുന്നതും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ടെന്നാണ് രാഹുലിന്റെ വിശദീകരണം. എന്തെന്നാല്‍ ബിജെപിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ ആര്‍എസ്എസ് (രാഷ്ട്ര സ്വയംസേവക സംഘം) സ്ഥാപനങ്ങളില്‍ അവരുടെ ആളുകളെ നിറയ്ക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തിയാലും സ്ഥാപനഘടനയില്‍ അവരുടെ ജനങ്ങളെ ഒഴിവാക്കാന്‍ സാധിക്കില്ല. ‘സ്ഥാപനപരമായ സന്തുലിതാവസ്ഥ ഉള്ളതിനാലാണ് ആധുനിക ജനാധിപത്യ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥാപനങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ ആ സ്വാതന്ത്ര്യത്തെ കടന്നാക്രമിക്കുകയാണ് ആര്‍എസ്എസ് എന്ന വലിയ സംഘടന. ജനാധിപത്യം നശിക്കുകയാണെന്ന് പറയുന്നില്ല, കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയാണെന്ന് പറയാം’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.








