ലൈംഗിക ആരോപണം ; കര്‍ണാടക മന്ത്രി രമേശ് ജാര്‍ക്കിഹോളി രാജിവെച്ചു
ലൈംഗികാരോപണത്തെ തുടര്‍ന്ന് കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാര്‍ക്കിഹോളി രാജിവെച്ചു. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു മന്ത്രി ഒരു യുവതിയെ പീഡിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ന്നത്. മന്ത്രിയും യുവതിയുമുള്ള സ്വകാര്യ വീഡിയോ ക്ലിപ്പ് പുറത്തു വരികയും ചെയ്തു. കന്നഡ ടിവി ചാനലുകള്‍ മന്ത്രിയുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. മന്ത്രിയും യുവതിയും തമ്മില്‍ നടത്തുന്ന ഓഡിയോ സംഭാഷണവും പുറത്തു വന്നിരുന്നു. സംഭാഷണത്തിനിടെ, ജാര്‍ക്കിഹോളി യുവതിയെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിപ്പിക്കുകയും ഉച്ചത്തില്‍ സംസാരിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്യുന്നത് കേള്‍ക്കാം. താന്‍ ഇപ്പോള്‍ കര്‍ണാടക ഭവനിലാണ് (ഡല്‍ഹിയില്‍) എന്നും മന്ത്രി പറയുന്നുണ്ട്. എന്നാല്‍ പുറത്തുവന്ന ക്ലിപ്പുകളുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ആരോപണങ്ങള്‍ വ്യാജമാണെന്നും ധാര്‍മ്മികത മുന്‍നിര്‍ത്തിയാന്‍ താന്‍ രാജിവെക്കുന്നതെന്നും രമേശ് ജാര്‍ക്കിഹോളി പറഞ്ഞു. ‘ആരോപണങ്ങള്‍ സത്യത്തില്‍ നിന്ന് വളരെ അകലെയാണ്. ഇത് സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തണം. ഞാന്‍ നിരപരാധിയാണ്, പക്ഷേ ധാര്‍മ്മിക കാരണങ്ങളാല്‍ ഞാന്‍ രാജിവയ്ക്കുന്നു. എന്റെ രാജി ദയവായി സ്വീകരിക്കുക’- അദ്ദേഹം ഒരു കത്തില്‍ എഴുതി. മന്ത്രിയുടെ രാജി മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ സ്വീകരിച്ചു. വ്യാഴാഴ്ച ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ബി എസ് യെദ്യൂരപ്പ സര്‍ക്കാരിനെ് വലിയ തിരിച്ചടിയായി മന്ത്രി രമേശ് ജാര്‍ക്കിഹോളിയുടെ വീഡിയോ ക്ലിപ്പ് മാറിയിരുന്നു. ജാര്‍ക്കിഹോളിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവ്രാജ് ബോമ്മി പറഞ്ഞു. മന്ത്രിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഒരു ദരിദ്ര കുടുംബത്തിലെ യുവതി ഒരു ഹ്രസ്വചിത്രം നിര്‍മ്മിക്കാന്‍ മന്ത്രിയെ സമീപിച്ചപ്പോള്‍ കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി ഉറപ്പ് നല്‍കി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്ന് കല്ലഹള്ളി പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. മന്ത്രി ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ സിഡി ഉള്‍പ്പടെയുള്ള തെളിവുകള്‍ യുവതിയുടെ കൈവശമുണ്ടായിരുന്നു.
വീഡിയോ വ്യാജമാണെന്നും തനിക്ക് സ്ത്രീയെ പോലും അറിയില്ലെന്നും ജാര്‍ക്കിഹോളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതെല്ലാം തനിക്കെതിരായ ”വലിയ” ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ”എനിക്ക് സ്ത്രീയെയും പരാതിക്കാരനെയും അറിയില്ല. ഞാന്‍ മൈസൂരുവിലായിരുന്നു, ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ പോയി. ആ വീഡിയോ എന്തിനെക്കുറിച്ചാണെന്ന് എനിക്കറിയില്ല, കാരണം ഞാന്‍ ഒരിക്കലും ആ സ്ത്രീയോട് സംസാരിച്ചിട്ടില്ല. ആരോപണവിധേയമായ വീഡിയോയെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ഞാന്‍ എന്റെ പാര്‍ടി നേതൃത്വത്തെ കാണാന്‍ പോകുന്നു. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം, ”അദ്ദേഹം പറഞ്ഞു.









