ഓക്സിജന്‍ അനുവദിക്കണം ; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രണ്ടാം തരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്റെ ആവശ്യം വലിയതോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ഓക്‌സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നുവെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചു. കത്തയച്ച വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ വെന്റിലേറ്ററുകളും ഐസിയു കിടക്കകളും നിറയുകയാണ്. ലിക്വിഡ് ഓക്സിജന് പുറമേ ഓക്സിജന്‍ ടാങ്കറുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്ന വിഹിതത്തില്‍ നിന്ന് 500 മെട്രിക് ടണ്‍ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണം. അടുത്ത ഘട്ടത്തില്‍ 500 ടണ്‍ കൂടി സംസ്ഥാനത്തിന് നീക്കിവെക്കണം. കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് 500 ടണ്‍ അനുവദിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഇറക്കുമതിചെയ്യുന്ന ഓക്‌സിജനില്‍ നിന്ന് 1000 ടണ്‍ കേരളത്തിന് നല്‍കുന്നതിന് വിദേശ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു.

അതിനിടെ തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓക്സിജന്‍ ക്ഷാമത്തേത്തുടര്‍ന്ന് ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചു. ശ്രീചിത്രയില്‍ ന്യൂറോ, കാര്‍ഡിയാക് വിഭാഗങ്ങളിലെ മുന്‍കൂട്ടി നിശ്ചയിച്ച 10 ശസ്ത്രക്രിയകളാണ് രാവിലെ മാറ്റിയത്. ഓക്സിജന്‍ പ്രതിസന്ധി ചൂണ്ടിക്കാട്ടി ശ്രീചിത്രാ ഡയറക്ടര്‍ രണ്ടു ദിവസം മുമ്പ് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. വിതരണ ശൃംഖലയില്‍ ചെറിയ അപാകതകളുണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നും വിതരണ ചുമതലയുള്ള പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി 42 സിലിണ്ടര്‍ ഓക്സിജന്‍ ശ്രീചിത്രയിലെത്തിച്ചിട്ടുണ്ട്.