ഓടുന്ന കാറില്‍ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് എറിഞ്ഞ് കൊന്നു

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേയ്ക്ക് എറിഞ്ഞു കൊന്നു. പരിക്കേറ്റ് പിടഞ്ഞ പൂച്ച കുഞ്ഞുങ്ങളെ ആര്‍ ആര്‍ ടി വളണ്ടിയര്‍ ജില്ല മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കോഴിക്കോട് ആണ് സംഭവം. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ കോഴിക്കോട് – ബാലുശ്ശേരി റോഡില്‍ കക്കോടി മുക്കിനും കുമാരസ്വാമിക്കും ഇടയിലാണ് ക്രൂരത അരങ്ങേറിയത്. ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ നിന്നാണ് ചില്ല് താഴ്ത്തി പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞത്.

സില്‍വര്‍ നിറത്തിലുള്ള കാറില്‍ പോയിരുന്നവര്‍ ആണ് ഇങ്ങനെ ചെയ്തത്. പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞതിനു പിന്നാലെ കാര്‍ ഓടിച്ചു പോകുകയും ചെയ്തു. സംഭവം നടക്കുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ജീവനു വേണ്ടി പിടഞ്ഞ പൂച്ചകളെ റോഡിന്റെ അരികിലേക്ക് മാറ്റി വെള്ളം നല്‍കി. തുടര്‍ന്ന് പതിമൂന്നാം വാര്‍ഡ് ആര്‍ ആര്‍ ടി വളണ്ടിയര്‍ പി ഷനോജ് ലാലിനെ വിവരം അറിയിച്ചു. അദ്ദേഹം എത്തി പിടയുന്ന പൂച്ചകളെ കൊട്ടയിലാക്കി ഉടന്‍ ജില്ല മൃഗാശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും പൂച്ചകുഞ്ഞുങ്ങള്‍ ചത്തിരുന്നു. കാര്‍ തിരിച്ചറിയുവാനുള്ള ശ്രമത്തിലാണ് പോലീസ്.