കുഴല്‍പ്പണക്കേസില്‍ പാര്‍ട്ടിയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമം ; ബി ജെ പി

കൊടകര കുഴല്‍പ്പണ കേസില്‍ പാര്‍ട്ടിയെ വളഞ്ഞിട്ട് ആക്രമിച്ച് നശിപ്പിയ്ക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഏതാനും നാളുകളായി മാധ്യമങ്ങള്‍ ബി.ജെ.പിയെ കുത്തിക്കീറുകയാണെന്നും മുന്‍നിര നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുമ്മനം ആരോപിച്ചു. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയുടെ നേതൃത്വത്തില്‍ വി.മുരളീധരനും പി.കെ.കൃഷ്ണദാസുമടക്കമുളള നേതാക്കള്‍ യോഗം ചേര്‍ന്ന ശേഷമാണ് കോര്‍ കമ്മിറ്റിയോഗത്തിന് മുമ്പായി കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടത്.

കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ ബി.ജെ.പി നേതാക്കളിലേക്കും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനിലേക്കും അന്വേഷണം നീങ്ങുന്നതിനിടെയാണ് പാര്‍ട്ടിയിലെ ഭിന്നതകള്‍ മാറ്റി നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയത്. കുഴല്‍പ്പണക്കേസില്‍ സംസ്ഥാന അധ്യക്ഷന്റെ കുടുംബാംഗങ്ങളെയടക്കം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിലൂടെ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് സിപിഎം.എന്ന് കുമ്മനം ആരോപിച്ചു. സംസ്ഥാന പോലീസിനെ രാഷ്ട്രീയ പക പോക്കലിന് ഉപയോഗിക്കുകയാണ് സിപിഎം. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുന്‍ മന്ത്രിയും മുന്‍ സ്പീക്കറും ചോദ്യം ചെയ്യപ്പെടുകയും ആ കേസ് ഇപ്പോഴും മുന്നോട്ടു പോകുന്നുണ്ട് എന്ന തിരിച്ചറിവുമാണ് സിപിഎമ്മിനെ ഇതിന് പ്രേരിപ്പിക്കുന്ന ഒരു ഘടകം.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. കേസില്‍ ചോദ്യം ചെയ്യപ്പെട്ട സി.എം രവീന്ദ്രന്‍ വീണ്ടും ചുമതലക്കാരനായി തുടരുന്നത് കള്ളക്കടത്തിലെ ഉന്നത രാഷ്ട്രീയ ബന്ധത്തിന്റെ തെളിവാണ്. രാജ്യദ്രോഹക്കുറ്റത്തില്‍ ആരോപണ വിധേയരായതിന്റെ ജാള്യത മറയ്കാനാണ് ബിജെപിയെ ചെളിവാരിയെറിയാന്‍ നോക്കുന്നത്. ബിജെപിയുടെ കള്ളപ്പണം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന കോടിയേരി ബാലകൃഷ്ണന്‍ ആദ്യം സ്വന്തം മകന്റെ അക്കൗണ്ടിലുള്ള പണം എവിടെ നിന്ന് വന്നെന്ന് കോടതിയെ ബോധ്യപ്പെടുത്തട്ടെ. ബിനീഷ് കോടിയേരിയുടെ പച്ചക്കറി, മല്‍സ്യവാപാരം വഴിയുളള വരുമാനം കോടതിക്ക് ബോധ്യപ്പെട്ടെങ്കില്‍ ആറുമാസമായി അദ്ദേഹത്തിന് ജയില്‍ തുടരേണ്ടി വരില്ലായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്നു. കോടിയേരിയുടെ മകന്‍ ലഹരി കടത്ത് കേസില്‍ കുരുങ്ങിയതിലുള്ള പ്രതികാരം തീര്‍ക്കാനാണ് കെ.സുരേന്ദ്രന്റെ മകനെ ഈ കേസിലേക്ക് വലിച്ചിഴക്കുന്നത് കുമ്മനം പറഞ്ഞു.

കൊടകര കേസിലെ പ്രതികള്‍ സിപിഐഎം, സിപിഐ പ്രവര്‍ത്തകരാണ്. ഇക്കാര്യത്തില്‍ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്ന് നേതാക്കള്‍ ചോദിച്ചു. ധര്‍മരാജന്റെ ഫോണ്‍ കോള്‍ ലിസ്റ്റ് പ്രകാരമുള്ളവരെ മാത്രമാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. സിപിഐഎം പ്രവര്‍ത്തകരുടെ ഫോണ്‍ കോളുകള്‍ എന്തുകൊണ്ട് പരിശഓധിക്കുന്നില്ലെന്നും ബിജെപി നേതാക്കള്‍ ചോദിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കിലും കൂടുതല്‍ മണ്ഡലങ്ങളില്‍ ബിജെപിയുടെ സ്വാധീനം വര്‍ധിച്ചത് എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരു പോലെ പരിഭ്രാന്തരാക്കുന്നുണ്ട്. അതിന് തടയിടാനാണ് ദിവസവും ഓരോ കള്ളക്കഥകള്‍ ബിജെപിക്കെതിരെ മെനയുന്നത്.