ലോക് ഡൌണ്‍ ഇളവുകള്‍ വന്നിട്ടും കേരളാ പോലീസിന്റെ പെറ്റിയടി തീരുന്നില്ല ; മൂന്നു ദിവസം കൊണ്ട് പിരിച്ചു എടുത്തത് നാല് കോടി

കേരളാ പോലീസിന്റെ ഇപ്പോള്‍ ഉള്ള ഏക തൊഴില്‍ പെറ്റിയടി മാത്രമാണോ. കോവിഡ് കാരണം ജനങ്ങള്‍ ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടുമ്പോള്‍ ആണ് ഖജനാവ് നിറയ്ക്കാന്‍ പോലീസ് ജനങ്ങളെ ഇങ്ങനെ പിഴിയുന്നത്. പോലീസിന്റെ നടപടികള്‍ക്ക് എതിരെ പരക്കെ എതിര്‍പ്പ് ഉയരുന്നതിന്റെ ഇടയിലും കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 70,000 പേര്‍ക്കാണ് കേരളാ പോലീസ് പിഴ ചുമത്തിയത്. ഏകദേശം നാല് കോടി രൂപയാണ് ഇതിലൂടെ കേരളാ സര്‍ക്കാരിന്റെ ഖജനാവില്‍ എത്തിയത്. ഓരോ സ്റ്റേഷനും ക്വോട്ട നിശ്ചയിച്ച് നല്‍കിയിരിക്കുന്നതാണ് സാധാരണക്കാര്‍ക്കെതിരായ വ്യാപക നടപടിക്ക് കാരണമാകുന്നത്.

കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് കോവിഡ് നിയന്ത്രണ ലംഘനമെന്ന പേരില്‍ 20,709 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പിഴ നല്കാന്‍ തയ്യറാകാത്തവരെ ജാമ്യമില്ലാ വകുപ്പ് പറഞ്ഞു ഭയപ്പെടുത്തിയാണ് കാശ് പിടിച്ചു വാങ്ങുന്നത്. അല്ലാതെ എതിര്‍ത്ത 3,951 പേരെയാണ് അറസ്റ്റ് ചെയ്തത്. മാസ്‌ക് ധരിക്കാത്തതിന് 45,279 പേരില്‍നിന്ന് പിഴ ഈടാക്കി. ഓരോ സ്റ്റേഷനിലും പ്രതിദിനം കുറഞ്ഞത് 30 കേസെങ്കിലും എടുക്കണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. മന്ത്രി തലത്തില്‍ ലഭിച്ച ഉത്തരവ് അനുസരിക്കുകമാത്രമാണ് തങ്ങള്‍ ചെയ്യുന്നത് എന്ന് ഇവര്‍ രഹസ്യമായി പറയുന്നുമുണ്ട്.

അതേസമയം സാധാരണക്കാരെ മാത്രമാണ് പോലീസ് ലക്ഷ്യം വെക്കുന്നത് എന്നും ആരോപണം ഉണ്ട്. പണവും പിടിപാടും ഉള്ളവരെ അറിയാതെ പോലും കൈ വെയ്ക്കാന്‍ പോലീസ് തയ്യറാകുന്നില്ല. അതുപോലെ തന്നെ രാഷ്ട്രീയക്കാരോടും തലോടല്‍ ആണ് പോലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ സമര പരിപാടികള്‍ക്ക് എതിരെ ഒരു രൂപ പോലും പോലീസ് പിഴ ചുമത്തിയിട്ടില്ല എന്നതാണ് സത്യം. ഒരു മാസത്തിനിടെ തിരുവനന്തപുരത്ത് മാത്രം ഇടത്‌വലത്-ബിജെപി നേതാക്കളെ പ്രതിയാക്കി 55 കേസുകളാണ് സമരങ്ങള്‍ക്കെതിരെ എടുത്തത്. പക്ഷേ പ്രതികളായ നേതാക്കളില്‍നിന്ന് ഒരു രൂപ പോലും പിഴയീടാക്കിയിട്ടില്ല. കേസെടുത്ത് കോടതിക്ക് കൈമാറുകയാണ് ചെയ്യുന്നത്. അതുപോലെ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ സി പി എം നടത്തുന്ന സമരങ്ങള്‍ക്ക് മുന്‍പിലും പോലീസ് കണ്ണടയ്ക്കുകയാണ്.