വീട്ടുകാര്‍ ഉറപ്പിച്ച വിവാഹത്തിന് ഒരു മാസം മുമ്പ് കാമുകനൊപ്പം ഒളിച്ചോടി , കാമുകനുമായുള്ള വിവാഹദിവസം സുഹൃത്തുമായി മുങ്ങി

ആദ്യം കാമുകനൊപ്പം ഒളിച്ചോടി കാമുകനുമായുള്ള വിവാഹദിവസം സുഹൃത്തുമായി മുങ്ങി. ഇടുക്കിയിലെ ഒരു മിടുക്കിയാണ് വിവാഹ ദിവസം കാമുകന് മുട്ടന്‍ പണി കൊടുത്തിട്ട് മുങ്ങിയത്. മുരിക്കാശ്ശേരി സ്വദേശിനിയാണ് യുവതി. മൂന്നാര്‍ സ്വദേശിയായ കാമുകനാണ് മുട്ടന്‍ പണിയും ലക്ഷങ്ങള്‍ കടവും ബാക്കിയായത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയമായിരുന്നു ഇരുവരുടെയും. പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ ആണ് മാതാപിതാക്കള്‍ തീരുമാനിച്ച വിവാഹത്തിന് താത്പര്യമില്ലാതിരുന്ന പെണ്‍കുട്ടി വിവാഹത്തിന് ഒരു മാസം മുന്‍പ് കാമുകനൊപ്പം ഒളിച്ചോടിയത്. മൂന്നാറില്‍ കാമുകന്റെ വീട്ടിലെത്തിയ യുവതി അവിടെ കാമുകന്റെയും അയാളുടെ കുടുംബത്തോടുമൊപ്പം താമസമാക്കുകയും ചെയ്തു.

ഇരുവരുടെയും ബന്ധത്തെ അംഗീകരിച്ച കാമുകന്റെ മാതാപിതാക്കള്‍ വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തു. 15 ദിവസം മുന്‍പാണ് അടുത്ത ബന്ധുക്കളെ മാത്രം ക്ഷണിച്ച് മനസമ്മതം നടത്തിയത്. മനസമ്മതദിവസം എല്ലാവരുമായി സന്തോഷത്തോടെ ഇടപഴകിയ യുവതി കല്യാണ ദിനം ആണ് കാമുകനെ നാണം കെടുത്തിയത്. വിവാഹദിവസം കാമുകന്‍ നല്‍കിയ പുതിയ സാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞെത്തിയ പെണ്‍കുട്ടി രാവിലെ എട്ടുമണിക്ക് പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു. അതിനുശേഷം, ബാത്ത് റൂമില്‍ പോയി വരാമെന്ന് പറഞ്ഞുപോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പെണ്‍കുട്ടിയെ അവളുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയതാകാം എന്ന് ഭയന്ന കാമുകനും ബന്ധുക്കളും കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ആണ് വിവാഹം കൂടാന്‍ വന്ന യുവതിയുടെ സുഹൃത്തുക്കളെയും കാണാനില്ല എന്ന് മനസിലാക്കിയത്. പിന്നീട് യുവതിയുടെ സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് വിവാഹത്തിന് സമ്മതമില്ലെന്ന് അവര്‍ കാമുകനോട് പറയുന്നത്.

എന്തായാലും ലക്ഷങ്ങള്‍ കടമെടുത്താണ് യുവാവിന്റെ കുടുംബം വിവാഹത്തിനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണമടക്കം എല്ലാ ഒരുക്കങ്ങളും ചെയ്തത്. യുവതി മുങ്ങിയതോടെ ലക്ഷങ്ങളുടെ കടങ്ങളാണ് ഇനി യുവാവിന് വീട്ടേണ്ടത്. അതേസമയം വിചാരിച്ച സൗകര്യങ്ങള്‍ ഒന്നും കാമുകന്റെ വീട്ടില്‍ ഇല്ലാതിരുന്നതാണ് യുവതി മുങ്ങാന്‍ കാരണമായി പ്രദേശവാസികള്‍ പറയുന്നത്. അതേസമയം നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്‍പില്‍ ആകെ നാണം കെട്ട നിലയിലാണ് കാമുകനായ യുവാവ് ഇപ്പോള്‍.