വീണ്ടും ട്വിസ്റ്റ് ; മരയ്ക്കാര്‍ റിലീസ് തിയേറ്ററില്‍ തന്നെ ; ഇത്തവണ ഒരു ഉപാധികളും ഇല്ലാതെ
ഓ ടി ടി റിലീസിന് തയ്യാറായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ ധാരണയായി. ഡിസംബര്‍ രണ്ടിന് തിയേറ്റര്‍ റിലീസ് ഉണ്ടാവും. ഉപാധികള്‍ ഇല്ലാതെയാണ് റിലീസ് എന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. സിനിമാ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സര്‍ക്കാരിനും സിനിമാ വ്യവസായത്തിനും ഗുണകരമായ തീരുമാനം എന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്‍പ് തീരുമാനിച്ച പ്രകാരം ഡിസംബര്‍ 31 വരെ സിനിമാ ടിക്കറ്റിന് വിനോദ നികുതി ഒഴിവാക്കി തിയേറ്ററുകളില്‍ കപ്പാസിറ്റിയുടെ 50 ശതമാനം പേര്‍ക്കു മാത്രം പ്രവേശനം ഉണ്ടാവും.തിയേറ്റര്‍ ഉടമകളുമായി ധാരണയിലെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ ഇതിനു ശേഷം 150 തിയേറ്ററുകളുടെ കൂട്ടായ്മ ചിത്രം ബിഗ് സ്‌ക്രീനില്‍ റിലീസ് ചെയ്യുന്നതിനായി നിര്‍മ്മാതാക്കളുമായി ചര്‍ച്ച ആരംഭിച്ചതായി റിപോര്‍ട്ടുകള്‍ പ്രചരിച്ചു. സാധാരണയായി തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷം OTT പ്ലാറ്റ്ഫോമുകളില്‍ സ്ട്രീം ചെയ്യാന്‍ അനുവാദമുണ്ട്. മരയ്ക്കാറിന്റെ കാര്യത്തില്‍, നിര്‍മ്മാതാക്കളുമായി ചര്‍ച്ച ആരംഭിച്ച തിയേറ്റര്‍ ഉടമകള്‍, ആ കാലയളവിന് വളരെ മുമ്പുതന്നെ ചിത്രം OTT പ്ലാറ്റ്ഫോമിലേക്ക് അയയ്ക്കാന്‍ തയ്യാറാണെന്ന നിലയില്‍ റിപോര്‍ട്ടുകള്‍ വന്നിരുന്നു. ഇനി ഈ രീതിയിലാവുമോ മരയ്ക്കാര്‍ റിലീസ് തിയേറ്ററിലെ ഒടിടിയിലുമായി നടക്കാനിരിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്.
തിയറ്ററിലെ സീറ്റിംഗ് കപ്പാസിറ്റി വര്‍ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ദീലിപിന്റെ ചിത്രമടക്കം പ്രധാന സിനിമകളെല്ലാം തിയറ്ററിലേക്ക് എത്തും. ഒടിടിയിലേക്ക് സിനിമകള്‍ പോകരുത് ചിത്രങ്ങള്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സിനിമകള്‍ തിയറ്ററുകളില്‍ തന്നെ സിനിമ റിലീസ് ചെയ്യാമെന്ന് നിര്‍മ്മാതാക്കളെല്ലാം അറിയിച്ചിട്ടുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.









