സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി പൊലീസിനെതിരെ വിമര്‍ശനം

പിണറായി വിജയനെ വേദിയിലിരുത്തി സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഒരു നിയന്ത്രണവുമില്ലാതെയാണ് പലപ്പോഴും പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. പൊലീസിനെ നിയന്ത്രിക്കണമെന്നും അതിന് പാര്‍ട്ടി ഇടപെടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ചിലരുടെ തോഴനായി പ്രവര്‍ത്തിക്കുന്നുവെന്നും വിമര്‍ശനമുണ്ടായി. നാല് സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് ജില്ലയില്‍ നിന്നുള്ളത്. ഇവര്‍ പ്രാദേശിക വിഭാഗീയതയുടെ ഭാഗമായി ഒരു പക്ഷം പിടിച്ചു പ്രവര്‍ത്തിക്കുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.

മുന്‍ എംഎല്‍എ പി.കെ ശശിക്കെതിരെയും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. വനിതാ നേതാവിന്റെ പരാതിയില്‍ നടപടി നേരിട്ട ശശിയെ വേഗത്തില്‍ തിരിച്ചെടുത്തതാണ് വിമര്‍ശനത്തിന് കാരണമായത്. കെടിഡിസി ചെയര്‍മാന്‍ ആയതിന് പത്രത്തില്‍ പരസ്യം നല്‍കിയതിനെതിരെയും വിമര്‍ശനമുണ്ടായി. ഇതൊരു കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് പ്രതിനിധികള്‍ പറഞ്ഞു. പുതുശ്ശേരി, പട്ടാമ്പി ഏരിയാ കമ്മറ്റി പ്രതിനിധികളാണ് വിമര്‍ശനമുന്നയിച്ചത്. സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പൊതുചര്‍ച്ച തുടരുകയാണ്. വിവിധ ഏരിയാ സമ്മേളനങ്ങളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം നടന്ന പൊതുചര്‍ച്ചയില്‍ ഉന്നയിച്ചത്. ചെര്‍പ്പുളശ്ശേരിയില്‍ ഏരിയ സെക്രട്ടറിയടക്കം 13 കമ്മിറ്റിയംഗങ്ങളെ പരാജയപ്പെടുത്തിയതില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം വേണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.

ചെര്‍പ്പുളശ്ശേരി, കൊല്ലങ്കോട് തുടങ്ങിയ ഏരിയകളില്‍ ഔദ്യോഗിക പാനലിലെ പരാജയപ്പെടുത്തിയതിന് പിന്നില്‍ സംഘടിതമായ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നാണ് പ്രതിനിധികളുടെ ആരോപണം. അതേസമയം നാളെയാണ് പുതിയ ജില്ലാ കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ് നടക്കുക. എന്‍.എന്‍ കൃഷ്ണദാസ്, വികെ ചന്ദ്രന്‍, വി.ചെന്താമരാക്ഷന്‍, ഇന്‍.എന്‍ സുരേഷ് ബാബു എന്നിവരാണ് സെക്രട്ടറി സ്ഥാനത്തേക്കുള്ള പട്ടികയിലുള്ളത്.