ലഹരിയില്‍ മുങ്ങി കേരളം ; പേരിന് ലഹരിവേട്ട നടത്തി എക്‌സൈസ് വകുപ്പ്
ക്രിസ്തുമസ് – പുതുവത്സരാഘോഷവേളയില്‍ എക്‌സൈസ് വകുപ്പ് സംസ്ഥാനത്ത് റെക്കോര്‍ഡ് ലഹരിവേട്ടയാണ് നടത്തിയതെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. 2021 ഡിസംബര്‍ നാല് മുതല്‍ 2022 ജനുവരി മൂന്ന് വരെയാണ് ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ പ്രമാണിച്ച് സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനകം 358 എന്‍ഡിപിഎസ് കേസുകളും, 1509 അബ്കാരി കേസുകളും കണ്ടെത്തി. ഇതിലൂടെ 522 കിലോഗ്രാം കഞ്ചാവ്, 3.312 കിലോഗ്രാം എംഡിഎംഎ, 453 ഗ്രാം ഹാഷിഷ് ഓയില്‍, 264 ഗ്രാം നാര്‍ക്കോട്ടിക് ഗുളികകള്‍, 40 ഗ്രാം മെത്താംഫിറ്റമിന്‍, 3.8 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 13.4 ഗ്രാം ഹെറോയിന്‍, 543 ലിറ്റര്‍ വാറ്റ് ചാരായം, 1072 ലിറ്റര്‍ അന്യ സംസ്ഥാന മദ്യം, 3779 ലിറ്റര്‍ ഐഎംഎഫ്എല്‍, 33,939 ലിറ്റര്‍ കോട എന്നിവ കണ്ടെടുത്തു.
ഇതിന് പുറമെ അമരവിള എക്‌സൈസ് ചെക്പോസ്റ്റില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 15 ലക്ഷം രൂപ പിടിച്ചെടുത്ത് പാറശ്ശാല പൊലീസിന് കൈമാറി. തമിഴ്‌നാട് അതിര്‍ത്തിയില്‍ നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് പ്രൊഹിബിഷന്‍ വിങ്ങുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 72,77,200 രൂപ പിടിച്ചെടുത്ത് തമിഴ്‌നാട് പ്രൊഹിബിഷന്‍ വിങ്ങിന് കൈമാറി. ഇതൊക്കെ എക്‌സൈസ് വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെയൊക്കെ ആണെങ്കിലും പോലീസിന്റെയും എക്‌സൈസ് വകുപ്പിന്റെയും വീഴ്ചയാണ് പുറത്തു വരുന്നത്. വന്‍ തോതില്‍ ലഹരി വസ്തുക്കള്‍ സംസ്ഥാനത്ത് വരുന്നത് തടയാന്‍ ഇവര്‍ക്ക് കഴിയുന്നില്ല എന്ന് വ്യക്തം. പിടിച്ചതിനേക്കാള്‍ പതിന്മടങ്ങു ലഹരിയാണ് അതിര്‍ത്തി കടന്നു കേരളത്തില്‍ ഒഴുകുന്നത്.
ഇടയ്ക്ക് ഇടയ്ക്ക് പേരിനാണ് റെയിഡ് എന്നിവ ഇവര്‍ നടത്തുന്നത് എന്ന ആരോപണവും ഉണ്ട്. സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി എല്ലാ ജില്ലകളിലും എക്‌സൈസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഓരോ ജില്ലയേയും ചുരുങ്ങിയത് മൂന്ന് മേഖലകളായി തിരിക്കുകയും ഓരോ മേഖലയിലും 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സുകള്‍ എക്‌സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ രൂപീകരിക്കുകയും ചെയ്തു. എക്‌സൈസ് ചെക്ക് പോസ്റ്റുകളിലെ വാഹന പരിശോധന കര്‍ശനമാക്കി. കേരളത്തിലെ അതിര്‍ത്തി പ്രദേശങ്ങള്‍ വഴിയുള്ള മയക്കുമരുന്നുകളുടെ കടത്ത് തടയുന്നതിനായി ചെക്ക്‌പോസ്റ്റുകള്‍ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ അയല്‍ സംസ്ഥാനങ്ങളിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് കംബൈന്‍ഡ് റെയ്ഡുകളും സംഘടിപ്പിക്കുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. വാഹന പരിശോധനയ്ക്ക് വേണ്ടി ബോര്‍ഡര്‍ പട്രോളിങ് ഫോഴ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.








