വിനോദ സഞ്ചാരികളെ ബുദ്ധിമുട്ടിക്കല്‍ കേരളാ പോലീസിന്റെ സ്ഥിരം പരിപാടി ; വലിയ സങ്കടമുണ്ടെന്ന് സ്വീഡിഷ് പൗരന്‍

കേരളത്തില്‍ വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കൊറോണയും ഇവിടുത്തെ സൗകര്യ കുറവും മാത്രമല്ല കേരള പോലീസും ഒരു കാരണം ആണെന്നു വ്യക്തമായി. കാരണം കോവളത്ത് മദ്യവുമായി പോകുമ്പോള്‍ പൊലീസ് തടഞ്ഞ സംഭവത്തില്‍ വിശദീകരണം നല്‍കിയ സ്വീഡിഷ് പൗരന്‍ ഇക്കാര്യം വ്യക്തമാക്കുന്നു. സംഭവത്തില്‍ വളരെ ദുഃഖമുണ്ടെന്ന് സ്റ്റീഫന്‍ പറഞ്ഞു. ഇത്തരം അനുഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും ഇതിനോടകം താന്‍ ഒരുപാട് അനുഭവിച്ചതായും സ്റ്റീഫന്‍ പ്രതികരിച്ചു.
മൂന്ന് കുപ്പി മദ്യം തന്റെ കൈവശമുണ്ടായിരുന്നു. ബില്ല് ഇല്ലാത്തതിനാല്‍ പൊലീസ് മദ്യം കൊണ്ടുപോകാന്‍ അനുവദിച്ചില്ല. മദ്യം എടുത്തെറിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ആയതുകൊണ്ട് എടുത്തെറിയാതെ മദ്യം ഒഴുക്കികളഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനില്‍ കൊണ്ടുകൊടുത്തതെന്നും സ്റ്റീഫന്‍ പറഞ്ഞു.

അതിനിടെ കോവളത്ത് വിദേശ പൗരന്റെ മദ്യം പൊലീസ് ഒഴിപ്പിച്ചുകളഞ്ഞ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി. കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷാജിയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും മറ്റു പൊലീസുകാരും അന്വേഷണ പരിധിയില്‍ വരുമെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ പൊലീസില്‍ നിന്നും മോശം അനുഭവം നേരിട്ട സ്വീഡിഷ് പൗരന്‍ സ്റ്റീഫന്റെ വീട് ടൂറിസം മന്ത്രി സന്ദര്‍ശിക്കും. സംഭവത്തില്‍ വളരെ ദുഃഖമുണ്ടെന്ന് സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ പ്രതികരിച്ചു.

താമസ സ്ഥലത്ത് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ ബിവറേജസില്‍ നിന്ന് മദ്യം വാങ്ങിവരുന്ന വഴിയാണ് സ്റ്റീഫന്റെ മദ്യം പൊലീസ് ഒഴിപ്പിച്ചുകളഞ്ഞത്. പൊലീസ് പരിശോധനക്കിടെയാണ് സംഭവം. പൊലീസ് ബാഗ് പരിശോധിച്ച്, വാങ്ങിയ മദ്യത്തിന്റെ ബില്ല് ചോദിക്കുകയായിരുന്നു. കടയില്‍ നിന്ന് ബില്‍ വാങ്ങിയില്ലെന്ന് വിദേശി പറയുന്നു. തുടര്‍ന്ന് മദ്യം കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പൊലീസ് ശഠിക്കുക്കുകയും വിദേശി മദ്യം ഒഴിച്ച് കളയാന്‍ നിര്‍ബന്ധിതനാവുകയുമായിരുന്നു. മദ്യം കുപ്പിയില്‍ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗില്‍ തന്നെ സൂക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നും താന്‍ ചെയ്യില്ലെന്നായിരുന്നു വിദേശ പൗരന്റെ മറുപടി. ഇതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആളുകള്‍ പകര്‍ത്തുന്നത് കണ്ട പൊലീസുകാരന്‍, ബില്‍ കാണിച്ചാല്‍ മദ്യം കൊണ്ടുപോകാം എന്നും പറഞ്ഞു.