പുരുഷ നേതാക്കള്‍ക്ക് വനിതാ നേതാക്കളോട് മോശം പെരുമാറ്റം ; സിപിഎം സമ്മേളനത്തില്‍ വിമര്‍ശനവുമായി ആര്‍ ബിന്ദു

വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണ് എന്ന ആരോപണവുമായി മന്ത്രി ആര്‍ ബിന്ദു. മോശം പെരുമാറ്റത്തിനെതിരെ പരാതി നല്‍കിയാലും ശരിയായി പരിഗണിക്കുന്നില്ല. പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നുവെന്നും സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ ആര്‍ ബിന്ദു വിമര്‍ശിച്ചു. റവന്യൂ വകുപ്പിലെ അഴിമതിയില്‍ സിപിഐക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. റവന്യൂ വകുപ്പില്‍ പണപ്പിരിവ് നടക്കുന്നുണ്ടെന്നാണ് വിമര്‍ശനം. പട്ടയമേളകളുടെ മറവില്‍ പണപ്പിരിവ് നടക്കുകയാണെന്നാണ് ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചത്. സര്‍ക്കാരിന്റെ നേട്ടം സിപിഐ ഉപയോഗപ്പെടുത്തുകയാണ്. എന്നാല്‍, പ്രതിസന്ധികളില്‍ കുറ്റപ്പെടുത്തുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നവകേരള നയരേഖ പാര്‍ട്ടി നയത്തിന് അനുസരിച്ചുള്ളത് തന്നെയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നവകേരള രേഖയ്ക്ക് എതിരെ നിലവില്‍ നടക്കുന്നത് ദുഷ്പ്രചാരണങ്ങളാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനിരിക്കുന്ന രാഷ്ട്രീയപ്രമേയവും നവകേരള നയരേഖയും തമ്മില്‍ നയപരമായ ഭിന്നതകളില്ല. ”ഈ നയരേഖ പാര്‍ട്ടിയുടെ പൊതുവായ നയങ്ങള്‍ക്ക് എതിരാണെന്ന പ്രചാരണമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷജനാധിപത്യമുന്നണിക്ക് തുടര്‍ഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ആളുകള്‍ കേരളത്തിലുണ്ട്. ഇപ്പോള്‍ നയരേഖയില്‍ അവതരിപ്പിച്ച കാഴ്ചപ്പാടുകള്‍ എന്താണെന്ന് മനസ്സിലാക്കാത്ത ആളുകളാണ് ഇത്തരത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നത്. യുഡിഎഫും ബിജെപിയും മറ്റ് തത്പരകക്ഷികളുമാണ് ഈ ദുഷ്പ്രചാരണത്തിന് പിന്നില്‍.

ജനകീയജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിച്ച് അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ പോലും പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. അതേസമയം, സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള താത്പര്യങ്ങള്‍ക്ക് എതിരായി വരുന്ന വിദേശനിക്ഷേപങ്ങളെ സ്വീകരിക്കുകയില്ല. ഇതും പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ നയവും തമ്മില്‍ യാതൊരു വൈരുദ്ധ്യവുമില്ല എന്നതാണ് വാസ്തവം. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മൂലധനനിക്ഷേപം ഇപ്പോഴുമുണ്ട്. അത് തുടരും. സ്വകാര്യനിക്ഷേപം വരുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് സംരക്ഷണം ഉറപ്പാക്കണം. തുടര്‍ഭരണം ലഭിച്ച സാഹചര്യത്തിലാണ് നയരേഖ അവതരിപ്പിക്കുന്നത്. നയരേഖ നടപ്പാക്കാന്‍ നിയമഭേദഗതി ആവശ്യമാണെങ്കില്‍ അത് കൊണ്ടുവരും”, എന്നും കോടിയേരി വ്യക്തമാക്കി.