സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും

പ്രതീക്ഷിച്ചതു പോലെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. അതുപോലെ യുവാക്കളെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാനും ആലോചനയുണ്ട്. സജി ചെറിയാനും, വി.എന്‍ വാസവനും സെക്രട്ടേറിയറ്റില്‍ വന്നേക്കും. തിരുവനന്തപുരത്ത് നിന്ന് എം. വിജയകുമാര്‍ പരിഗണനയിലുണ്ട്. കടകം പളളി സുരേന്ദ്രനും പരിഗണനയിലുണ്ടെന്നാണ് വിവരം.

നിലവില്‍ എറണാകുളം ജില്ലാ സെക്രട്ടറിയായ സി.എന്‍ മോഹനന്‍ സെക്രട്ടേറിയറ്റില്‍ വന്നാല്‍ സ്വരാജ് എറണാകുളം ജില്ലാ സെക്രട്ടറി ആയേക്കും. പി. കരുണാകരന്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് ഒഴിയുമ്പോള്‍ സതീഷ് ചന്ദ്രന്റെ പേരാണ് സെക്രട്ടേറിയറ്റില്‍ പരിഗണനയില്‍. മുഹമ്മദ് റിയാസോ എ.എം ഷംസീറോ സെക്രട്ടേറിയറ്റിലേക്ക് വന്നേക്കുമെന്നും സൂചനയുണ്ട്. നാളെ ഉച്ചയോടുകൂടി മാത്രമേ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം പാര്‍ട്ടി സംസ്ഥാന സമിതി കൈക്കൊള്ളൂ.

ഇതിനിടെ സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രതിനിധികള്‍ അംഗീകരിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു . ഭൂരിപക്ഷ ജനങ്ങളുടെ പാര്‍ട്ടിയാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശിക സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം തയാറാകണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്നലെ നടന്ന പൊതു ചര്‍ച്ചയില്‍ പൊലീസിനും ആഭ്യന്തരവകുപ്പിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

ഇടത് സര്‍ക്കാര്‍ നയം ചില പൊലീസ് ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്ന് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. പൊലീസ് നടപടികളില്‍ പാര്‍ട്ടി ഇടപെടണമെന്നും വിവിധ ജില്ലകളിലെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍, തിരുവനന്തപുരം, ഇടുക്കി, തുടങ്ങിയ ജില്ലകളില്‍ നിന്നാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.