പ്രവാസി കുടുംബിനികളുടെ കൂട്ടായ്മ – പ്രവാസിശ്രീക്ക് തുടക്കം കുറിച്ച് കൊല്ലം പ്രവാസി അസോസിയേഷന്‍

പ്രവാസികളായ വനിതകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ പ്രവര്‍ത്തനം നടത്തുന്ന കുടുംബശ്രീ മാതൃകയില്‍ കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ ‘പ്രവാസിശ്രീ’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. പ്രവാസ മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു കൂട്ടായ്മ രൂപം കൊള്ളുന്നത്.

പ്രവാസജീവിതത്തില്‍ വനിതകളുടെ ശക്തീകരണത്തിലൂടെ കുടുംബ ജീവിതം സുരക്ഷിതമാക്കുകയും ഉത്തമമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം വെക്കുന്നത്. ഓരോ 10 വനിതകള്‍ ചേര്‍ന്നുള്ള യൂണിറ്റുകള്‍ ആയിട്ടാണ് പ്രവര്‍ത്തനം നടത്തുന്നത്.

ഇതുവരെ പത്തോളം യൂണിറ്റുകള്‍ രൂപീകരിച്ചു കഴിഞ്ഞു. തുടക്കത്തില്‍ കൊല്ലം പ്രവാസി അസോസിയേഷനിലെ വനിതാ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രവാസിശ്രീ കൂട്ടായ്മ ഭാവിയില്‍ മറ്റുള്ളവര്‍ക്കും അംഗമാകാന്‍ കഴിയുന്ന തലത്തിലേക്ക് വികസിപ്പിക്കും. കുടുംബ സംഗമങ്ങള്‍, ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ഗാര്‍ഡനിംഗ്, കൃഷി, പാചകം, കലാ-കായിക പ്രവര്‍ത്തനങ്ങള്‍, ചെറുകിട സമ്പാദ്യപദ്ധതി തുടങ്ങിയവ പ്രവാസിശ്രീയുടെ പ്രവര്‍ത്തന മേഖലകള്‍ ആണ്.

പ്രവാസിശ്രീ യുടെ ഒദ്യോഗിക ഉത്ഘാടനം മാര്‍ച്ച് 4 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് അദ്‌ലിയ ബാങ്ക്‌സാങ്ക്തായി പാര്‍ട്ടി ഹാളില്‍ വെച്ച് നടക്കുമെന്ന് കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ കൊല്ലവും ജനറല്‍സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.