നവവരന്‍ മുങ്ങി മരിച്ചത് ഫോട്ടോ ഷൂട്ടിന് ഇടയിലല്ല

കല്യാണത്തിന് ശേഷമുള്ള ഫോട്ടോ ഷൂട്ടിനിടെ ഒഴുക്കില്‍ പെട്ട് നവവരന്‍ മരിച്ചു എന്ന തരത്തില്‍ ഇന്ന് ഉച്ചക്ക് ശേഷം വ്യാപകമായി വാര്‍ത്ത പരന്നിരുന്നു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി വളരെ വേഗം വ്യാപിക്കുകയായിരുന്നു. കോഴിക്കോട് കുറ്റ്യാടി ജാനകിക്കാട് പുഴയില്‍ ഫോട്ടോ ഷൂട്ടിനിടെ വരനും വധുവും ഒഴുക്കില്‍ പെടുകയായിരുന്നു. കോഴിക്കോട് പാലേരി സ്വദേശി റെജിലാലാണ് മരിച്ചത്. റെജിലിനൊപ്പം ഒഴുക്കില്‍പ്പെട്ട വധുവിനെ രക്ഷപ്പെടുത്തി. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വധു.ഇരുവരെയും അവിടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് കരയ്‌ക്കെത്തിച്ച് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

എന്നാല്‍ നവവരന്‍ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ് വ്യക്തമാക്കി. രാവിലെ പതിനൊന്ന് മണിയോടെ ബന്ധുകള്‍ക്കൊപ്പമാണ് ദമ്പതികള്‍ പുഴക്കരയില്‍ എത്തിയത്. ഇന്നലെ ഈ സ്ഥലത്ത് ഇവര്‍ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫര്‍ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. മരിച്ച റെജിലിന്റെ ഭാര്യ കനക ഇപ്പോള്‍ കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലാണ്. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ട്. മാര്‍ച്ച് 14-ാം തീയതിയായിരുന്നു രജിലാലിന്റെ വിവാഹം. കഴിഞ്ഞ ദിവസം ഇവര്‍ ഈ പുഴക്കരയില്‍ ഫോട്ടോഷൂട്ട് നടത്തിയുരന്നു. പ്രകൃതി രമണീയമായ സ്ഥലത്ത് ബന്ധുക്കളുമായി ഇവര്‍ വീണ്ടും എത്തിയതായിരുന്നു. ബന്ധുക്കളോടൊപ്പമാണ് ഇവര്‍ സ്ഥലത്തെത്തിയതെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. റെജിലിന്റെ മൃതദേഹം ഇപ്പോള്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ്.