കേളി രാജ്യാന്തര കലാമേള ശിവാനി നമ്പ്യാര്‍ രണ്ടാം വട്ടം കലാതിലകം

സൂറിക്ക്: സ്വിറ്റസര്‍ലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേളി ജൂണ്‍ 4,5 തീയതികളില്‍ നടന്ന രാജ്യാന്തര കലാമേളയില്‍ മുന്നൂറോളം മത്സരാര്‍ത്ഥികളെ പിന്തള്ളി സ്വിറ്റ്സര്‍ലണ്ടില്‍ നിന്നുമുള്ള ശിവാനി നമ്പ്യാര്‍ കലാതിക പട്ടം നേടി. ഇത് രണ്ടാം വട്ടമാണ് ശിവാനി നമ്പ്യാര്‍ കലാതിലക പട്ടം കരസ്ഥമാക്കുന്നത്.

പങ്കെടുത്ത നാലിനങ്ങളില്‍ മൂന്നിലും ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടിയാണ് ശിവാനി കലാതിലകം ചൂടിയത്.

മോഹിനിയാട്ടം, ഫാന്‍സി ഡ്രസ്സ്, ഫോള്‍ക് ഡാന്‍സ് എന്നിവയില്‍ ഒന്നാം സ്ഥാനവും ഭരതനാട്യത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് ശിവാനി നമ്പ്യാര്‍ ഇത്തവണ കലാതിലകം ചൂടിയത്.

സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ചില്‍ താമസിക്കുന്ന സേതുനാഥ് നമ്പ്യാര്‍ മൃദുല സേതുനാഥ് ദമ്പതിമാരുടെ മൂത്ത പുത്രിയാണ് ശിവാനി. ശിവാനിയെ കൂടാതെ ഒരു സഹോദരനും കൂടി ദമ്പതിമാര്‍ക്കുണ്ട്.

കേരളത്തില്‍ കണ്ണൂര്‍ ആണ് സ്വദേശം. സ്വിറ്റ്സര്‍ലണ്ടിലെ അറിയപ്പെടുന്ന ഡാന്‍സ് ടീച്ചര്‍ ആയ റോസ് മേരി ബഞ്ചമിന്റെ ശിക്ഷണത്തില്‍ ആണ് ശിവാനി കലാതിലകപട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി നൃത്തം അഭ്യസിക്കുന്ന ശിവാനി തുടര്‍ച്ചയായ നാല് വര്‍ഷങ്ങളിലും കലാമേളയില്‍ പങ്കെടുത്തിരുന്നു. സീനിയര്‍ വിഭാഗത്തിലെ മത്സരാത്ഥികളെ പിന്തള്ളിയാണ് ജൂനിയര്‍ വിഭാഗത്തില്‍ നിന്നും ശിവാനി കലാമേളയിലെ കലാതിലക പട്ടം നേടി താരമായത്. 2019ലെ പതിനഞ്ചാമത് കേളി കലാമേളയിലും ശിവാനി ആയിരുന്നു കലാതിലകം. രണ്ട് വട്ടം കലാതിലകമാകുന്ന അപൂര്‍വ്വ നേട്ടമാണ് ശിവാനി ഇതിലൂടെ കരസ്ഥമാക്കിയത്.