മേഘവിസ്‌ഫോടനം ; ഹിമാചലില്‍ ഒരാള്‍ മരിച്ചു

ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ചമ്പ ജില്ലയിലെ സരോഗ് ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മതില്‍ തകര്‍ന്നത് ആണ് ഒരു വിദ്യാര്‍ത്ഥി മരിക്കാന്‍ കാരണമായത്. രണ്ട് പേര്‍ക്ക് പരുക്ക് ഏറ്റിട്ടുണ്ട്. കിഹാര്‍ സെക്ടറിലെ ദണ്ഡ് മുഗളിലെ ഭദോഗ ഗ്രാമത്തില്‍ രാത്രി വൈകിയാണ് സംഭവം. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് എത്തിയാണ് മൃതദേഹം അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കനത്ത മഴയില്‍ ദണ്ഡ് നാലയില്‍ കാറുകളും ബൈക്കുകളും ഒലിച്ചുപോയി. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും കൃഷിഭൂമി വെള്ളത്തിലാവുകയും ചെയ്തു. ഭര്‍മൂര്‍-ഹദ്സര്‍ റോഡില്‍ പ്രംഗാലയ്ക്ക് സമീപം പാറ വീണതിനെ തുടര്‍ന്ന് പാലം തകര്‍ന്നു. ബഗ്ഗയ്ക്ക് സമീപം കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഹൈവേ തടസ്സപ്പെട്ടിരിക്കുകയാണ്. ചമ്പ ജില്ലയിലെ 32 റോഡുകളില്‍ ഗതാഗതം സ്തംഭിച്ചു. സലൂനി മേഖലയില്‍ പാലങ്ങള്‍ ഒലിച്ചുപോയി. നിരവധി വീടുകള്‍ ഭരണസമിതി ഒഴിപ്പിച്ചു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്.