എട്ടാം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍

ബി ജെ പിയെ അനുകരിച്ചു കരുക്കള്‍ നീക്കിയപ്പോള്‍ ബിഹാറില്‍ ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രി പദത്തില്‍. ബിജെപിയെ കൈവിട്ട് ആര്‍ജെഡിയുമായി സഖ്യം ചേര്‍ന്ന് ജെഡിയുവിന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദാവാണ് ഉപമുഖ്യമന്ത്രി. ഇത് എട്ടാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും സഖ്യത്തിന്റെ ഭാഗമാണ്.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാണ് ഇന്ന് രാജ്ഭവനില്‍ ചേര്‍ന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭാ വിപുലീകരണം അടുത്ത ദിവസം തന്നെയുണ്ടാകും. മന്ത്രിസഭയില്‍ ആര്‍ജെഡിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് വിവരം. സ്പീക്കര്‍ പദവിയും ആര്‍ജെഡിക്കായിരിക്കും. ആഭ്യന്തര വകുപ്പ് തേജസ്വി ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിതീഷ്-ലാലു കൂട്ടുക്കെട്ട് ബിഹാറില്‍ ഇത് മൂന്നാം തവണയാണ് അധികാരത്തില്‍ വരുന്നത്. 2015-ലായിരുന്നു നിതീഷിന്റേയും തേജസ്വിയുടേയും നേതൃത്വത്തിലുള്ള ആദ്യ മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. 2017-ല്‍ ആര്‍ജെഡിയുമായുള്ള സഖ്യം വിട്ട നിതീഷ് ബിജെപിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് നിതീഷ് കുമാര്‍ ബിജെപി സഖ്യം ഉപേക്ഷിച്ച് വീണ്ടും ആര്‍ജെഡിയുമായി കൂട്ടുക്കെട്ടുണ്ടാക്കിയത്.

അതേസമയം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആത്യന്തിക ലക്ഷ്യം ലാലു പ്രസാദിന്റെ ആര്‍ജെഡിയെ തകര്‍ക്കുക എന്നതാണെന്ന് ബിജെപിയുടെ ബിഹാര്‍ പ്രസിഡന്റ് സഞ്ജയ് ജയ്സ്വാള്‍ പറഞ്ഞു. ബിജെപി ബന്ധം വിച്ഛേദിച്ച് ആര്‍ ജെഡി സഖ്യമുണ്ടാക്കിയ നിതീഷ് ബിജെപിക്ക് ഒരു വെല്ലുവിളിയും അല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആര്‍ജെഡി നേതാക്കള്‍ക്കെതിരെയുള്ള കേസുകളെ കുറിച്ച് അറിയാന്‍ നിതീഷിന് താല്‍പ്പര്യമുണ്ടായിരുന്നുവെന്നും ലാലു പ്രസാദിന്റെ മുന്‍ സഹായി ഭോലാ യാദവിന്റെ അറസ്റ്റോടെ, ആര്‍ജെഡിയെ തകര്‍ക്കാനുള്ള ശരിയായ സമയമാണിതെന്ന് മുഖ്യമന്ത്രി കരുതുന്നതായും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ജയ്സ്വാള്‍ പറഞ്ഞു. നേതൃത്വം ഇല്ലാതായാല്‍ ആര്‍ജെഡി വോട്ടര്‍മാര്‍ ജെഡിയുവിലേക്ക് വരുമെന്ന് അദ്ദേഹം കരുതുന്നതായി ‘ അദ്ദേഹം പറഞ്ഞു.

243 അംഗ ബിഹാര്‍ നിയമസഭയില്‍ 45 അംഗങ്ങളാണ് നിതീഷ് കുമാറിന്റെ ജെഡിയുവിന് ഉള്ളത്. സ്വതന്ത്ര എംഎല്‍എ സുമിത് സിങ് ജെഡിയുവിന് ഒപ്പമാണ്. എല്‍ജെപിയുടെ രാജ് കുമാര്‍ സിങ് ജെഡിയുവില്‍ നേരത്തെ ലയിച്ചിട്ടുണ്ട്. മഹാഗട്ബന്ധനില്‍ ആര്‍ജെഡിയാണ് വലിയ കക്ഷി. 80 എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. ഇതില്‍ ഒരാളെ കോടതി ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചിട്ടുള്ളതിനാല്‍ നിലവിലെ അംഗബലം 79 ആണ്. കോണ്‍ഗ്രസിന് 19 അംഗങ്ങളുണ്ട്. ഇടതുപക്ഷത്ത് സിപിഐഎംഎല്ലിന് 12ഉം സിപിഐക്കും സിപിഎമ്മിനും രണ്ടു അംഗങ്ങള്‍ വീതവും. ആകെ 165.