ജെറി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 3ന് വിയന്നയില്‍

വിയന്ന: ഓസ്ട്രിയയില്‍ അന്തരിച്ച ജെറി തൈലയിലിന്റെ പേരില്‍ എഫ്.സി കേരള വിയന്ന സംഘടിപ്പിക്കുന്ന ചാരിറ്റി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സെപ്റ്റംബര്‍ 3ന് നടക്കും. കാന്‍സര്‍ രോഗബാധിതര്‍ക്ക് സഹായം നല്‍കാന്‍ സംഘടിപ്പിക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരം സി.എം.ഐ തൃശൂര്‍ പ്രൊവിന്‍ഷ്യല്‍ ഫാ.ഡേവിസ് പനയ്ക്കല്‍ ഉത്ഘാടനം ചെയ്യും.

വിയന്നയിലെ 22-മത്തെ ജില്ലയിലുള്ള നതോര്‍പ്പുഗാസെ 2-ല്‍ മത്സരങ്ങള്‍ ഉച്ചകഴിഞ്ഞു 2 മണിയ്ക്ക് ആരംഭിക്കും. കോവിഡ് പാന്‍ഡെമിക്കിന് ശേഷം ഓസ്ട്രിയയിലെ മലയാളികള്‍ നടത്തുന്ന ആദ്യത്തെ ഓപ്പണ്‍ ഗ്രൗണ്ട് ടൂര്‍ണമെന്റ് കൂടിയാണിത്.

രണ്ടാം തലമുറയില്‍പ്പെട്ട യുവജനങ്ങളും മുതിര്‍ന്ന തലമുറയിലെ കളിക്കാരും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 11 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. വിയന്നയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും ടൂര്‍ണ്ണമെന്റിലേയ്ക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കായിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന ജെറി തൈലയിലിന്റെ സ്മരണരാര്‍ത്ഥം സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ പുതുതലമുറയ്ക്ക് പ്രചോദനമാകാനും അതേസമയം മത്സരങ്ങളിലൂടെ ലഭിക്കുന്നതുക കാന്‍സര്‍ മൂലം ബുദ്ധിമുട്ടുന്ന കുറേപേര്‍ക്കു സ്വാന്തനമായിത്തീരാനും ഉപകരിക്കുമെന്ന് ജെറിയുടെ സഹോദരന്‍ ജാനിസ് തൈലയില്‍ പറഞ്ഞു.

വിവരങ്ങള്‍ക്ക്:
റാഫി ഇല്ലിക്കല്‍: 069911514750