ആര്‍ത്തവ അവധിക്ക് നോ പറഞ്ഞു കേന്ദ്ര സര്‍ക്കാര്‍ ; ശാരീരിക ബുദ്ധിമുട്ടുണ്ടാകുന്നത് ചെറിയ വിഭാഗത്തിന് മാത്രം

കേരള സര്‍ക്കാര്‍ വമ്പന്‍ പുരോഗമനപരമെന്ന് നടപ്പിലാക്കിയ ആര്‍ത്തവ അവധിക്ക് നോ പറഞ്ഞു കേന്ദ്രം. ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാര്‍ പറഞ്ഞു. ആര്‍ത്തവം സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണ്. ആര്‍ത്തവത്തെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുണ്ടാകുന്നത് ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ്. മറ്റുള്ളവരെ അത് വലിയ രീതിയില്‍ ബാധിക്കാറില്ല. അതുകൊണ്ട് തന്നെയാണ് ആര്‍ത്തവ അവധി കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാത്തതെന്നും ഭാരതി പവാര്‍ വ്യക്തമാക്കി. കേരളത്തില്‍ പല സര്‍വ്വകലാശാലകളിലും ഇപ്പോള്‍ ആര്‍ത്തവ അവധി നല്‍കി കഴിഞ്ഞു. അതേസമയം സ്ത്രീകളില്‍ തന്നെ വലിയ ഒരു വിഭാഗത്തിന് ഇതില്‍ എതിര്‍പ്പാണ്.

ആയുഷ്മാന്‍ ഭാരത് – പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ 23 കോടി ആയുഷ്മാന്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. 10 കോടി 74 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ നല്‍കുന്ന പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു. ജനുവരി 29 വരെ 32 കോടി 12 ലക്ഷം ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ടുകള്‍ സൃഷ്ടിച്ചതായി ഭാരതി പവാര്‍ ലോക്സഭയെ അറിയിച്ചു. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ രാജ്യത്ത് പരസ്പര പ്രവര്‍ത്തനക്ഷമമായ ഒരു ഡിജിറ്റല്‍ ആരോഗ്യ ഇക്കോസിസ്റ്റം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.