മഞ്ചേശ്വരം: നിയമസഭാ ഉപതിരഞ്ഞെടുപ്പിനൊരുങ്ങി ലീഗ്, അണിയറയില്‍ നീക്കങ്ങള്‍ ശക്തം

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാന്‍ മുസ്ലീം ലീഗ് നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. മഞ്ചേശ്വരത്ത് കള്ളവോട്ടു നടന്നു എന്നാരോപിച്ച് ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന കെ. സുരേന്ദ്രന്‍ നടത്തുന്ന നിയമ പോരാട്ടം എതിരാകുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് പുതിയ നീക്കം. നിലവിലെ എം.എല്‍.എ. അബ്ദുള്‍ റസാഖിനെ രാജിവെപ്പിച്ച് ഇടതുപക്ഷവുമായി രഹസ്യ ധാരണയോടെ ഉപതിരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കാമെന്നാണ് ലീഗ് കരുതുന്നത്.

കെ. സുരേന്ദ്രന്‍ നല്‍കിയ കേസ് അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. അടുത്തമാസം കേസില്‍ വിധി വന്നേയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടയാണ് പുതിയ നീക്കം പാര്‍ട്ടിക്കിടയില്‍ രൂപപ്പെടുന്നത്.89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്ദ്രന്റെ പരാജയം. 259 പേര്‍ കള്ളവോട്ടു ചെയ്തു എന്നാണ് സുരേന്ദ്രന്റെ പരാതി. ഇവരുടെ പേര്, പ്രായം, വിലാസം തുടങ്ങിയ മുഴുവന്‍ രേഖകളും സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ വിശദ പരിശോധന നടക്കുകയുമാണ്.

നിയമപ്പോരാട്ടം സുരേന്ദ്രന് അനുകൂലമാകുമെന്ന ഭയം ലീഗിന് ഉണ്ടായിരിക്കുന്നതുകൊണ്ടാണ് ഈ കേസിനെ അട്ടിമറിച്ച് എം.എല്‍.എയെ രാജിവെപ്പിച്ച് ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാന്‍ ആലോചനനടക്കുന്നത്. സുരേന്ദ്രന്റെ കേസിനെ നിയമപരമായി നേരിടുന്നതിനൊപ്പം അതിനെ രാഷ്ട്രീയമായി പരാജയപ്പടുത്തുക എന്നതും ലീഗ് നേതൃത്വം ചര്‍ച്ചചെയ്യുന്നുണ്ട്.

വേങ്ങര മണ്ഡലത്തില്‍ ഇപ്പോള്‍ ഒഴിവുണ്ട്. ഇതിന്റെ കൂട്ടത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തിയാല്‍ അത് രാഷ്ട്രീയമായി നേട്ടമാകുമെന്ന് ലീഗ് നേതൃത്വം കരുതുന്നു.