ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറായി ദുല്‍ക്കര്‍ സല്‍മാന്‍

മലയാള സിനിമയിലെ യുവസൂപ്പര്‍ താരങ്ങളില്‍ ഒരാളായ ദുല്‍ക്കര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുവാന്‍ തയ്യാറാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ മിറര്‍ ആണ് ദുല്‍ക്കറിന്റെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ വാര്‍ത്ത‍ പുറത്തു വിട്ടത്. പ്രമുഖ നിര്‍മ്മാതാവായ റോണി സ്ക്രൂവാല നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ആകര്‍ഷ ഖുറാനയാണ് സംവിധാനം ചെയ്യുന്നത്. യെ ജവാനി ഹേ ദിവാനി ; 2 സ്റ്റേറ്റ്സ് എന്നീ ചിത്രങ്ങള്‍ക്ക് തിരകഥ ഒരുക്കിയ ഹുസൈന്‍ ദലാല്‍ ആണ് ചിത്രത്തിന്റെ കഥ. ദുല്‍ക്കറിനെ കൂടാതെ ഒന്നാം നിര നായകനായ ഇര്‍ഫാന്‍ ഖാനും ഒരു മുഖ്യ വേഷത്തില്‍ എത്തുന്നു. മിഥിലാ പലാക്കര്‍ ആണ് നായിക.

ഈ മാസം അവസാനം കേരളത്തില്‍ വെച്ചാകും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക എന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു റോഡ്‌ ട്രിപ്പ്‌ മൂവിയാണ് ഒരുങ്ങുന്നത്. ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല. അഭിഷേക് ബച്ചനെയാണ് ആദ്യം ദുല്‍ക്കറിന്റെ വേഷത്തിനു പരിഗണിച്ചത്. അതേസമയം സമയം ഇല്ലാത്തത് കാരണം അഭിഷേക് സിനിമയ്ക്ക് നോ പറയുകയായിരുന്നു. തുടര്‍ന്ന്‍ ചില ബോളിവുഡ് യുവ താരങ്ങളെ നോക്കി എങ്കിലും അവസാനം ദുല്‍ക്കറിന് നറുക്ക് വീഴുകയായിരുന്നു.