നോട്ട് പ്രതിസന്ധിയില്‍ കേരളം ; ട്രഷറിയില്‍ പണമില്ല ; ശമ്പളവും പെന്‍ഷനും മുടങ്ങും

തിരുവനന്തപുരം : കറൻസിക്ഷാമം മൂലം ട്രഷറികളിൽ പണമില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. ക്ഷാമം മൂലം ആവശ്യപ്പെട്ട പണം ഇതുവരെ സംസ്ഥാനത്തിന് നൽകാൻ ആർ.ബി.ഐ തയാറായിട്ടില്ല. ഇതിനെ തുടര്‍ന്ന്‍ കോട്ടയം ജില്ലയില്‍ പെന്‍ഷന്‍ വിതരണം മുടങ്ങി. 5.85 കോടി ചോദിച്ചപ്പോള്‍ 1.83 കോടിയാണ് കോട്ടയം ജില്ലയിലെ ട്രഷറികള്‍ക്ക് കിട്ടിയത്. ഇതോടെ വന്നവരില്‍ മിക്കവര്‍ക്കും പെന്‍ഷന്‍ കിട്ടാതെ മടങ്ങേണ്ടിവന്നു. മറ്റു ട്രഷറികളിലും ഇതു തന്നെയാണ് സ്ഥിതി. പത്തു ലക്ഷം രൂപ ചോദിച്ച എരുമേലി സബ് ട്രഷറിക്ക് ഒരു രൂപ പോലും കിട്ടിയില്ല. 30 ലക്ഷം ചോദിച്ച പാമ്പാടി ട്രഷറിക്ക് കിട്ടിയത് മൂന്നു ലക്ഷം രൂപ മാത്രം. മുപ്പത് ലക്ഷം ആവശ്യപ്പെട്ട പള്ളിക്കാത്തോട് ട്രഷറിക്കും 50 ലക്ഷം ചോദിച്ച മുണ്ടക്കയം ട്രഷറിക്കും കിട്ടിയത് അഞ്ച് ലക്ഷം രൂപ വീതമാണ്. ഒരു ട്രഷറികള്‍ക്കും ചോദിച്ചത്ര കറന്‍സി കിട്ടിയില്ല. ഇതോടെയാണ് വിരമിച്ച ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ വിതരണം മുടങ്ങിയത്. ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ ഗഡു ഈ മാസത്തെ പെന്‍ഷനോടൊപ്പം കിട്ടുമെന്ന പെന്‍ഷന്‍കാരുടെ പ്രതീക്ഷയും അസ്ഥാനത്തായി. അതേസമയം ആർ.ബി.ഐ രാഷ്ട്രീയ ആയുധമായി മാറി പെരുമാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനം ആവശ്യപ്പെട്ട തുക ആർ.ബി.ഐ നൽകിയിട്ടില്ല. കേരളത്തിനോട് ആർ.ബി.ഐ പക്ഷപാതപരമായാണ് പെരുമാറുന്നത്. പെൻഷൻ കൊടുക്കാൻ തടസമാവുന്നതും കേന്ദ്രത്തിന്‍റെ ഈ നയം മൂലമാണ്. ആവശ്യത്തിന് പണം ട്രഷറികളിൽ എത്തിക്കുന്ന നടപടി ഉണ്ടായില്ലെങ്കിൽ സംസ്ഥാനം പ്രക്ഷോഭങ്ങളെ കുറിച്ച് ആലോചിക്കേണ്ടിവരും.









