തകര്‍ന്ന പ്രവാസ പ്രതീക്ഷകളുമായി, നവയുഗത്തിന്റെ സഹായത്തോടെ അപ്‌സര്‍ ജഹാന്‍ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: നവയുഗം സാംസ്‌കാരികവേദിയും ഇന്ത്യന്‍ എംബസിയും കൈകോര്‍ത്തപ്പോള്‍ വനിതാ അഭയകേന്ദ്രത്തില്‍ നിന്നും ഒരു വീട്ടുജോലിക്കാരി കൂടി നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ഉത്തരപ്രദേശ് ലക്നൗ സ്വദേശിനിയായ അപ്‌സര്‍ ജഹാന്‍ ആറു മാസങ്ങള്‍ക്കു മുന്‍പാണ് സൗദിയിലെ ദമ്മാമിലുള്ള ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിയ്ക്ക് എത്തിയത്. മൂന്ന് മക്കളുള്ള അപ്‌സര്‍ ജഹാന്‍, ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ വളരെ ദരിദ്രമായ അവസ്ഥയിലാണ് കഴിഞ്ഞിരുന്നത്. തന്റെ കുടുംബത്തിന്റെ ദുരവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാലാണ്, വിസ ഏജന്റിന്റെ വാഗ്ദാനങ്ങളില്‍ കുടുങ്ങി, സൗദിയില്‍ ജോലിയ്ക്കെത്തിയത്.

എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായ ജോലി സാഹചര്യങ്ങളാണ് അപ്‌സര്‍ ജഹാന് നേരിടേണ്ടി വന്നത്. ആ വലിയ വീട്ടില്‍ രാപകല്‍ വിശ്രമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. എന്നാല്‍ ഒരു റിയാല്‍ പോലും ശമ്പളമായി ആ വീട്ടുകാര്‍ കൊടുത്തതുമില്ല. സ്‌പോണ്‍സര്‍ ഒരു വയസ്സായ സ്ത്രീ ആയിരുന്നു. അവരോട് പലപ്രാവശ്യം അഭ്യര്‍ത്ഥിച്ചിട്ടും ശമ്പളം കിട്ടിയില്ല. നാലുമാസത്തോളം ശമ്പളം കിട്ടാതായപ്പോള്‍, അപ്‌സര്‍ ജഹാന്റെ നാട്ടിലെ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ വളരെ ദയനീയമായി. ഒടുവില്‍ ക്ഷമ നശിച്ച അവര്‍, ആ വീട്ടില്‍ നിന്നും ആരുമറിയാതെ പുറത്തു കടന്ന്, പോലീസില്‍ പോയി പരാതി പറഞ്ഞു. പോലീസ് അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി.

വനിതാ അഭയകേന്ദ്രത്തില്‍ വെച്ച് പരിചയപ്പെട്ട നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് അപ്‌സര്‍ ജഹാന്‍ വിവരങ്ങളൊക്കെ പറഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു മണിക്കുട്ടന്‍ അപ്സറുടെ സ്പോണ്‍സറെ ബന്ധപ്പെട്ട് സംസാരിച്ചപ്പോള്‍, അവര്‍ തന്ത്രപൂര്‍വ്വം എല്ലാ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു.

തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് അപ്‌സര്‍ ജഹാന് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം വഴി ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു. വിമാനടിക്കറ്റ് എടുക്കാന്‍ യാതൊരു വഴിയുമില്ലാത്ത അപ്‌സര്‍ ജഹാന്റെ അവസ്ഥ മനസ്സിലാക്കിയ നവയുഗം സാംസ്‌കാരികവേദി കോബാര്‍ സിറ്റി യൂണിറ്റ് കമ്മിറ്റി , വിമാനടിക്കറ്റ് സൗജന്യമായി നല്‍കി.

എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മടങ്ങുമ്പോഴും, ഭാവിയുടെ അനിശ്ചിതത്വങ്ങള്‍ അപ്‌സര്‍ ജഹാന്റെ മനസ്സില്‍ ബാക്കിയായി. മലയാളികളായ നവയുഗം പ്രവര്‍ത്തകരുടെ നല്ല മനസ്സ് കണ്ടിട്ടാകാം, തിരികെ നാട്ടിലെത്തിയാല്‍, കേരളത്തിലേയ്ക്ക് ജോലി തേടി കുടിയേറി, ജീവിതം വീണ്ടും നെയ്‌തെടുക്കാനാകും താന്‍ ശ്രമിയ്ക്കുക എന്നും അവര്‍ പറഞ്ഞു.