കേരളം പിടിച്ചാല്‍ ബിജെപിയുടെ സുവര്‍ണ്ണയുഗം ആരംഭിക്കും എന്ന് അമിത് ഷാ
പശ്ചിമ ബംഗാളിലോ കേരളത്തിലോ ഭരണത്തിലേറാത്തിടത്തോളം കാലം ബിജെപിയുടെ സുവര്‍ണ്ണ യുഗം ആരംഭിക്കാനാവില്ലെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യയില്‍ ഒരിടത്തിനും യോജിച്ചതല്ല ഇടതുപക്ഷമെന്ന് പറഞ്ഞ അദ്ധേഹം ലെഫ്റ്റ് ഇന്ത്യയ്ക്ക് റൈറ്റ് അല്ലെന്ന് പരിഹസിച്ചു. തൃപുരയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനൊരുങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎയ്ക്ക് 21 സംസ്ഥാനങ്ങളില്‍ ഇന്ന് ഭരണമുണ്ട്. പശ്ചിമ ബംഗാളിലോ ഒറീസ്സയിലോ കേരളത്തിലോ ഭരണത്തിലേറാത്തിടത്തോളം കാലം ബിജെപിയുടെ സുവര്‍ണ്ണ യുഗം ആരംഭിക്കില്ല എന്നും അദ്ധേഹം പറയുന്നു.
കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി ഭരണത്തിലേറുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ‘കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കും. വലിയ ഒരു വിജയമായിരിക്കും ബിജെപിക്ക് ഉണ്ടാവുക എന്നും അദ്ധേഹം പറയുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് തന്നെ തൃപുരയില്‍ ഭൂരിപക്ഷമുണ്ടെങ്കിലും സഖ്യകക്ഷികളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് അമിത് ഷാ അറിയിച്ചു. തുടരെത്തുടരെയുള്ള വിജയങ്ങള്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.









