പെണ്‍കരുത്ത് തെളിയിക്കാന്‍ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വരെ വനിതാമതില്‍ ഉയരും

കേരളത്തില്‍ ഇന്ന് വനിതാ മതില്‍ ഉയരും. തെക്കും വടക്കും അതിര്‍ത്തികളെ ഒരുമതിലില്‍ ഒന്നിപ്പിക്കാന്‍ ദേശീയപാതയില്‍ കാല്‍മണിക്കൂര്‍ അമ്പതുലക്ഷം വനിതകള്‍ കൈകോര്‍ക്കും. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് മതില്‍ ഉയരുക. വൈകുന്നേരം നാലുമണിക്കാണ് പരിപാടി നടക്കുക.
ഒട്ടേറെ വിവാദങ്ങളുയര്‍ത്തിയാണ് നവോത്ഥാനമൂല്യസംരക്ഷണ സമിതിയുടെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ മതില്‍ ഉയര്‍ത്തുന്നത്. നാലുമുതല്‍ നാലേകാല്‍ വരെയാണ് മതില്‍ ഉയര്‍ത്തുക. തുടര്‍ന്ന്, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയെടുക്കും. ഓരോ കിലോമീറ്ററിലും 620 സ്ത്രീകളുടെ കോര്‍ഗ്രൂപ്പ് നിയന്ത്രണത്തിനുണ്ടാകും.
കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്‌കാരിക പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മതിലിനെത്തും. വെള്ളയമ്പലത്ത് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട്, ആനി രാജ എന്നിവര്‍ പങ്കെടുക്കുമ്പോള്‍ കാസര്‍കോട്ട് മതിലിന്റെ തുടക്കത്തില്‍ മന്ത്രി കെ.കെ. ശൈലജയുണ്ടാകും.
മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും വെള്ളയമ്പലത്ത് യോഗത്തില്‍ പ്രസംഗിക്കും. മതില്‍ ചിത്രീകരിക്കാന്‍ വിദേശമാധ്യമപ്രവര്‍ത്തകര്‍ തലസ്ഥാനത്തുണ്ട്. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്സല്‍ റെക്കോഡ്‌സ് ഫോറം വിവരങ്ങള്‍ ശേഖരിക്കും.








