വനിതാ മതില്‍ പൊളിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ റോഡില്‍ തീയിട്ടു ; കാസര്‍ഗോഡ് സംഘര്‍ഷം
കാസര്‍കോട് ചേറ്റുകുണ്ടില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് കയ്യേറി മതില്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു. സ്ഥലത്തു തീ ഇട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തടഞ്ഞത്.
മതില്‍ തീര്‍ക്കുന്നതിനെ മുമ്പേ സംഘര്‍ഷം ഉണ്ടായി. പ്രവര്‍ത്തകര്‍ സ്ഥലത്ത് തീയിടുകയും വനിതാ മതിലില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഇതുവരെയും അവിടെ മതില്‍ തീര്‍ക്കാനായിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ബിജെപിക്ക് സ്വാധീനമുളള മേഘലയാണിത്. സംഭവസ്ഥലത്തെ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.
മതില്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. വനിതാമതിലിനെത്തിയവര്‍ക്കെതിരെ കല്ലെറിയുകയും തുടര്‍ന്ന് റോഡ് സൈഡിലുള്ള പുല്ലിന് തീയിടുകയും ചെയ്തു. റെയില്‍വേ ലൈനിനോട് ചേര്‍ന്നുള്ള ഭാഗത്താണ് തീയിട്ടത്. ഇതേതുടര്‍ന്ന് കനത്ത പുക ഇവിടെ വ്യാപിക്കുകയും വനിതാമതിലിനെത്തിയവര്‍ക്ക് ഇവിടെ നില്‍ക്കാന്‍ സാധിക്കാതെ വരികയും ചെയ്തു. പുക വ്യാപിച്ചതിനെ തുടര്‍ന്ന് അരക്കിലോമീറ്ററോളം ദൂരം വനിതാമതില്‍ തീര്‍ക്കാന്‍ സാധിച്ചില്ല.
അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ ഈ ഭാഗത്തുനിന്ന് പോയവര്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ ആക്രമണമുണ്ടായത്. ഇതിനുള്ള പ്രതികാരമാണ് ഇന്നത്തെ സംഭവങ്ങളെന്നാണ് സൂചന.
അതേസമയം, 620 കിലോമീറ്ററില്‍ ഒരുങ്ങിയ മതിലില്‍ വന്‍ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്. മന്ത്രി കെ കെ ശൈലജ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അവസാന കണ്ണിയുമായി. വനിതാമതില്‍ അവസാനിക്കുന്ന വെള്ളയമ്പലത്ത് പിന്തുണയുമായി പിണറായി വിജയനും വിഎസും എത്തി.









