പത്തൊന്‍മ്പതാമത് പ്രോസി എക്‌സോട്ടിക് ഫെസ്റ്റിവല്‍ ജൂണ്‍ 14, 15 തീയതികളില്‍

വിയന്ന: ഓസ്ട്രിയയിലെ പ്രഥമ എക്സോട്ടിക് സൂപ്പര്‍ മാര്‍ക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന 19-ാമത് എക്‌സോട്ടിക് ഫെസ്റ്റിവല്‍ ജൂണ്‍ 14, 15 തിയതികളില്‍ വിയന്നയിലെ ഏഴാമത്തെ ജില്ലയിലുള്ള കാന്‍ഡല്‍ഗാസെയില്‍ നടക്കും. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ രാവിലെ 11 മണിയ്ക്ക് ആരംഭിച്ച് രാത്രി 10 മണിയ്ക്ക് അവസാനിക്കും.

മുഖ്യാഥിതിയായി എത്തുന്ന ഓസ്ട്രിയയിലെ നൈജീരിയന്‍ അംബാസിഡര്‍ വിവിയന്‍ എന്‍. ആര്‍. ഒക്കെകെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ളവരുടെ ഒത്തുചേരലിനും, ബഹുസ്വരതയ്ക്കും, ഉദ്ഗ്രഥനത്തിനും, മതമൈത്രിയ്ക്കും ഊന്നല്‍ നല്‍കി സംഘടിപ്പിക്കുന്ന മേളയില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിശിഷ്ട വ്യക്തികളും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറിലധികം കലാകാരന്മാരും, എണ്ണായിരത്തോളം സന്ദര്‍ശകരും പങ്കെടുക്കുന്ന രാജ്യാന്തര ഫെസ്റ്റിവലില്‍ രാഷ്ട്രീയ, സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ നിന്നും, നയതന്ത്രഞ്ജരും ഉള്‍പ്പെടെ വിവിധ എംബസികളില്‍ നിന്നുള്ള സ്ഥാനപതികളും പങ്കെടുക്കും.

ജീവിത ഗുണനിലവാരത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനം നിലനിറുത്തുന്ന വിയന്ന നഗരത്തിന്റെ പൊതുനിരത്തില്‍ എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന ഈ മേള സ്വദേശിയരും വിദേശിയരുമായി ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിച്ചുവരുന്നു. വിവിധ രാജ്യങ്ങളെ പ്രതിനിധികരിച്ചുള്ള പരമ്പരാഗതനൃത്തവും, പ്രഗത്ഭ ബന്ധുക്കളുടെ ലൈവ് മ്യൂസിക്കും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണ പാനീയങ്ങളും ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്. ലാറ്റിന്‍ അമേരിക്കന്‍ ബാന്‍ഡായ ഹാരോള്‍ഡ് ടെയ്ലറിന്റെയും പ്രിന്‍സ് സേക്കയുടെയും ലൈവ് സംഗീത ഷോ ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷകമാകും. ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം വൈകിട്ട് 6 മണിയ്ക്ക് പ്രധാന സമ്മേളനം നടക്കും.

തനതായ മേഖലയില്‍ മികവു പുലര്‍ത്തുന്നവരെ ആദരിക്കുന്ന പ്രോസി എക്സലന്‍സ് അവാര്‍ഡ് ഈ വര്‍ഷം ബുര്‍ക്കിന ഫാസോയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന ഫായ് ഐറീന്‍ എസ്റ്റല്ലേ ഹോഷൗര്‍ ക്‌പോടയ്ക്ക് ലഭിക്കും. തൊഴില്‍ ഇല്ലാത്തെ വനിതകളെ കൂട്ടായ്മകള്‍ ഉണ്ടാക്കി ശക്തിപ്പെടുത്തുക, കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനു സഹായിക്കുക, കുടിവെള്ളപദ്ധതി തുടങ്ങി ഒട്ടനവധി പദ്ധതികളാണ് ഐറീന്‍ ബുര്‍ക്കിന ഫാസോയില്‍ നടത്തിവരുന്നത്.

പ്രവേശനം പൂര്‍ണ്ണമായും സൗജന്യമായ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും ഏവരെയും ഫെസ്റ്റിവലിലേയ്ക്ക് ക്ഷണിക്കുന്നതായും പ്രോസി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ അറിയിച്ചു.