സംസ്‌കാരങ്ങളുടെ സമ്മേളന വേദിയായി പ്രോസി എക്‌സോട്ടിക്ക് ഫെസ്റ്റിവലിന് ഉജ്ജ്വല സമാപനം

വിയന്ന: വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ളവര്‍ക്കായി ഓസ്ട്രിയയില്‍ സംഘടിപ്പിച്ച 19-ാമത് പ്രോസി എക്സോട്ടിക് ഫെസ്റ്റിവല്‍ വര്‍ണ്ണാഭമായി. നിരവധി രാജ്യങ്ങളില്‍ നിന്നുമായി മൂന്നുറിലധികം കലാകാരന്മാരുടെ പ്രകടനങ്ങളും ലൈവ് സംഗീതവുമായി സമാപിച്ച ഫെസ്റ്റിവല്‍ ബഹുസ്വരതയുടെ പ്രകടമായ സമ്മേളന വേദിയായി.

വിയന്നയുടെ ഹൃദയ ഭാഗത്ത് തെരുവില്‍ നടന്ന ദ്വിദിന ഫെസ്റ്റിവലില്‍ ആയിരകണക്കിന് കാണികള്‍ പങ്കെടുത്തു. ആഫ്രിക്കന്‍ കലാകാരന്‍മാരുടെ പ്രകടനങ്ങള്‍, ഇന്ത്യന്‍ ക്‌ളാസിക്കല്‍ ബോളിവുഡ് നൃത്തനൃത്യങ്ങള്‍, ബെല്ലി ഡാന്‍സ്, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പരമ്പരാഗത നൃത്തം, ബംഗാളി ഡാന്‍സ്, ചൈനീസ് ഡാന്‍സ്, പഞ്ചാബികളുടെ പ്രത്യേക കായികാഭ്യാസങ്ങള്‍ തുടങ്ങിയ ഇനങ്ങള്‍ ഫെസ്റ്റിവല്‍ വേദിയെ വിസ്മയിപ്പിച്ചു. പ്രോസി സ്ലീക് വിഗ് ഫാഷന്‍ ഷോ, ലാറ്റിനോ മ്യൂസിക്, ട്രംമേല്‍ വര്‍ക്ക്‌ഷോപ്, തായ് നൃത്തം, മെക്‌സിക്കന്‍ ഡാന്‍സ്, ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ്, ആഫ്രോ ബ്രസീലിയന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് തുടങ്ങിയ ഇനങ്ങള്‍ വേദിയെ പ്രകമ്പനം കൊള്ളിച്ചു.

സമ്മേളനത്തിന്റെ സമാപന ദിവസം നടന്ന പൊതുസമ്മേളനം മുഖ്യ അഥിതിയായി എത്തിയ ഓസ്ട്രിയയിലെ നൈജീരിയന്‍ അംബാസിഡര്‍ വിവിയന്‍ എന്‍. ആര്‍. ഒക്കെകെ ഉദ്ഘാടനം ചെയ്തു. ഡൈയൂഡോന്നെ കെറി (അംബാസിഡര്‍, ബുര്‍ക്കിനോ ഫാസോ), റോക്‌സന്ന ഡി ലോസ് സാന്റോസ് ഡെപ്യൂട്ടി അംബാസിഡര്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്), തീഥിപോര്‍ണ്‍ ചിരസവാദി (മിനിസ്റ്റര്‍, തായ് എംബസി), പാര്‍ലമെന്റ് അംഗവും മുനിസിപ്പല്‍ കൗണ്‍സിലറുമായ ബാര്‍ബറ ഹ്യൂമെര്‍ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി (എസ്. എം.സി.സി വിയന്ന) ഹെറാള്‍ഡ് (ചെയര്‍മാന്‍, ലേബര്‍ യൂണിയന്‍), റിച്ചാര്‍ഡ് സ്‌കോട്ട് (എം.ഡി, സ്ലീക്ക് ഹെയര്‍), തുടങ്ങിയ വിശിഷ്ട അതിഥികളും സമ്മേളനത്തില്‍ പങ്കെടുത്തു.

തനതായ മേഖലയില്‍ മികവു പുലര്‍ത്തുന്നവരെ ആദരിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രോസി എക്‌സലന്‍സ് അവാര്‍ഡ് ബുര്‍ക്കിന ഫാസോയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന ഫായ് ഐറീന്‍ എസ്റ്റല്ലേ ഹോഷൗര്‍ ക്പോടയ്ക്ക് അംബാസിഡര്‍ ഡൈയൂഡോന്നെ കെറി സമ്മാനിച്ചു. കാഴ്ച്ചയുടെ പൂരം ഒരുക്കി അരങ്ങേറിയ ലാറ്റിന്‍ അമേരിക്കന്‍ ബാന്‍ഡായ ഹാരോള്‍ഡ് ടെയ്‌ലറിന്റെയും പ്രിന്‍സ് സേക്കയുടെയും ലൈവ് സംഗീത ഷോ ഏറെ ശ്രദ്ധേയമായി.

ഇന്ത്യന്‍ ഭക്ഷണ ശാലകള്‍ക്ക് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഭക്ഷണ പാനീയങ്ങളും ഫെസ്റ്റിയവലിന്റെ വേദിയെ ജനപ്രിയമാക്കി. മേളയില്‍ പങ്കെടുത്ത ഓരോ രാജ്യക്കാര്‍ക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനു കൂടി എക്സോട്ടിക്ക് ഫെസ്റ്റിവല്‍ വേദിയാകുന്നതില്‍ അഭിമാനമുണ്ടെന്നു അഭിപ്രായപ്പെട്ട പ്രോസി ഗ്രൂപ്പ് സ്ഥാനപങ്ങളുടെ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, ഓരോ വര്‍ഷം കഴിയുംതോറും പ്രോസി ഫെസ്റ്റിവല്‍ സ്വദേശിയരും വിദേശിയരുമായി കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചുവരുന്നതായി പറഞ്ഞു. ഇരുപതാമത്തെ പ്രോസി ഫെസ്റ്റിവല്‍ വളരെ വിപുലമായ രീതിയില്‍ 2020 ജൂണ്‍ മാസത്തില്‍ സംഘടിപ്പിക്കുമെന്ന് പ്രോസി ഡയറക്ടര്‍മാരായ സിജി പള്ളിക്കുന്നേല്‍, സിറോഷ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

View more IMAGES of the event HERE