നാട്ടിലേയ്ക്ക് പോകാന്‍ ആഗ്രഹിയ്ക്കുന്ന എല്ലാ പ്രവാസികള്‍ക്കും നാട്ടില്‍ എത്താനുള്ള വിമാനസൗകര്യം ഉണ്ടാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിയ്ക്കണമെന്ന് നവയുഗം

നാട്ടിലേയ്ക്ക് പോകാന്‍ ആഗ്രഹിയ്ക്കുന്ന എല്ലാ പ്രവാസികള്‍ക്കും നാട്ടില്‍ എത്താനുള്ള വിമാനസൗകര്യം ഉണ്ടാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. അതിനായി ചില നിര്‍ദ്ദേശങ്ങളും നവയുഗം മുന്നോട്ടു വെച്ചു.

നിര്‍ത്തി വെച്ചിരിയ്ക്കുന്ന രാജ്യാന്തര വിമാനസര്‍വീസുകള്‍ പുനഃരാരംഭിയ്ക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക. അങ്ങനെ അനുമതി വാങ്ങിയ ശേഷം, കേരളസര്‍ക്കാര്‍ തന്നെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പാട് ചെയ്യുക. അടിയന്തരമായി നാട്ടിലെത്താന്‍ താലപര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഒരു വെബ്‌പോര്‍ട്ടല്‍ ആരംഭിച്ച്, ആ രജിസ്റ്റര്‍ പട്ടിക പ്രകാരം വിമാനയാത്രയുടെ മുന്‍ഗണനാക്രമം ഉണ്ടാക്കുക. നാട്ടിലെത്തുന്നവര്‍ പതിവുപോലെ ക്വാറന്റീനിലേക്കോ, പ്രത്യേകം പ്രവാസി കോവിഡ് ക്യാമ്പിലേക്കോ പോകാന്‍ സൗകര്യം ഒരുക്കുക. എല്ലാ പ്രവാസികള്‍ക്കും മുന്തിയ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന ഉത്തരവാദിത്വം കേരളസമൂഹത്തിന് ഉണ്ട് എന്ന് നവയുഗം ഓര്‍മ്മിപ്പിച്ചു.

അതോടൊപ്പംമറ്റു രണ്ടു പ്രധാന ആവശ്യങ്ങളും നവയുഗം മുന്നോട്ടു വെച്ചു. സൗദി സര്‍ക്കാര്‍ പലതരം ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും, ഗള്‍ഫിലെ ഇന്ത്യന്‍ സ്‌ക്കൂളുകള്‍ ഇപ്പോഴും പ്രവാസികളെ പിഴിഞ്ഞ് കൊണ്ടിരിയ്ക്കുകയാണ്. ട്യൂഷന്‍ ഫീസ്, അഡ്മിഷന്‍ ഫീസ് എന്നിവ കുടിശ്ശിക വരുത്തിയവരുടെ കുട്ടികളെ ഇപ്പോള്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ളാസ്സുകളില്‍ പങ്കെടുപ്പിയ്ക്കുന്നില്ല. അടിയന്തരമായി ഇടപെട്ട് അത് തിരുത്തുക മാത്രമല്ല, അടുത്ത മൂന്നു മാസത്തെ ഫീസ് ഇളവ് ചെയ്തു കൊടുക്കാനുള്ള നിര്‍ദ്ദേശവും അവര്‍ക്ക് ഇന്ത്യന്‍ എംബസിയെക്കൊണ്ട് കൊടുപ്പിയ്ക്കണം എന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

അതുപോലെ, കൊറോണ കാലത്തിനു ശേഷം സാമ്പത്തിക പ്രതിസന്ധി കാരണം ഒട്ടേറെ കുടുംബങ്ങള്‍ക്ക് ഗള്‍ഫിലെ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങേണ്ട അവസ്ഥയുണ്ട്. ഗള്‍ഫില്‍നിന്നും വരുന്ന കുട്ടികള്‍ക്ക്, അധ്യയനവര്‍ഷത്തിന്റെ ഏത് സമയമാണെങ്കിലും നാട്ടിലെ സ്‌കൂളുകളില്‍ പ്രവേശനം ഉറപ്പാക്കണമെന്നും നവയുഗം ആവശ്യപ്പെടുന്നു.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും, ഇന്ത്യന്‍ എംബസ്സിയ്ക്കും നിവേദനങ്ങള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി നവയുഗം കേന്ദ്രകമ്മിറ്റി മുന്നോട്ടു പോകുകയാണ്.