സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്യാന്‍ അനുമതി

സിനിമാ മേഖലയ്ക്ക് ആശ്വസിക്കാം. പരമാവധി അഞ്ച് പേരെ പങ്കെടുപ്പിച്ച് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മെയ് നാല് മുതല്‍ ആരംഭിക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഗ്രീന്‍ സോണില്‍ ഓഫീസുകള്‍ പരിമിതമായ ആളുകളെ വെച്ച് തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷന്‍ മേഖലയിലും ചില ജോലികള്‍ക്ക് അനുമതി നല്‍കുന്നത്. ഡബ്ബിംഗ്, സംഗീതം, സൗണ്ട് മിക്‌സിംഗ് എന്നീ ജോലികള്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കാം.

ജോലികള്‍ പുനഃരാരംഭിക്കുന്നതിനു മുമ്പ്, സ്റ്റുഡിയോകള്‍ അണുമുക്തമാക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ മര്‍?ഗങ്ങളായ മാസ്‌ക് ധരിക്കുക, കൈകള്‍ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം തുടങ്ങിയവ കര്‍ശനമായി പാലിച്ചു വേണം സ്റ്റുഡിയോ ജോലികള്‍ പുനഃരാരംഭിക്കുവാനെന്നും മന്ത്രി അറിയിച്ചു.