പന്നിപ്പനി ; അസമില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
കൊറോണ ഭീഷണി നിലനില്‍ക്കെ അസമില്‍ ഭീതി പരത്തി ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്നുപിടിക്കുന്നു. പന്നി പനി കാരണം 2,800ഓളം പന്നികളാണ് ഇതുവരെ ചത്തത്. വളര്‍ത്തുപന്നികളില്‍ കണ്ടുവരുന്ന നൂറു ശതമാനം മരണനിരക്കുള്ള അസുഖമാണ് ആഫ്രിക്കന്‍ പന്നിപ്പനി. എ.എസ്.എഫ് അഥവാ ആഫ്രിക്കന്‍ സൈ്വന്‍ ഫ്‌ളൂ എന്നറിയപ്പെടുന്ന വൈറസ് രോഗം ഇന്ത്യയില്‍ ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് വൈറസ് പോലെ ആഫ്രിക്കന്‍ പന്നിപ്പനിയുടെയും ഉറവിടം ചൈനയാണെന്നാണ് അസമിന്റെ ആരോപണം. 2018-2020 കാലയളവില്‍ ചൈനയിലെ അറുപത് ശതമാനം വളര്‍ത്തുപന്നികളും ചത്തത് ആഫ്രിക്കന്‍ പന്നിപ്പനി മൂലമായിരുന്നു.
ഐ.സി.എ.ആറിന്റെ പന്നി ഗവേഷണ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് പ്രതിവിധി കണ്ടെത്താന്‍ സംസ്ഥാനത്തെ വെറ്ററിനറി, ഫോറസ്റ്റ് വകുപ്പുകളോട് അസം മുഖ്യമന്ത്രി സര്‍വാനന്ദ സോനോവല്‍ ഉത്തരവിട്ടിട്ടുണ്ട്. സ്ഥിതി ആശങ്കാജനകമാണെന്ന് സംസ്ഥാന മൃഗസംരക്ഷണ മന്ത്രി അതുല്‍ ബോറ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രോഗം ബാധിച്ച പന്നികളെ കൊല്ലില്ലെന്ന് സംസ്ഥാനം തീരുമാനിച്ചിട്ടുണ്ടെന്നും എന്നാല്‍, ലോക്ക്ഡൗണിന് അനുസൃതമായ ബയോസെക്യൂരിറ്റി നടപടികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പന്നികള്‍ കൂട്ടത്തോടെ ചത്തുപോകുന്ന സാഹചര്യത്തില്‍ സ്വകാര്യ പന്നി ഫാമുകളില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ഫാമും പരിസരവും അണുവിമുക്തമാക്കണം, പുറത്തു നിന്നും ആളുകളെ ഫാമിനകത്തേക്ക് പ്രവേശിപ്പിക്കരുത്, പന്നികളില്‍ പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടാന്‍ ഉടന്‍ അധികൃതരെ വിവരം അറിയിക്കണം. എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ ഫാം ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കുകള്‍ പ്രകാരം 21 ലക്ഷം വളര്‍ത്തുപന്നികളാണ് അസമിലുള്ളത്.
1921ലാണ് ലോകത്ത് ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. കെനിയയിലായിരുന്നു ആദ്യ സ്ഥിരീകരണം. 2019 പകുതിയോടെ വിയറ്റ്നാം, കംബോഡിയ, ദക്ഷിണാഫ്രിക്ക, ബെല്‍ജിയം എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.








