മൃഗശാലയില്‍ കടുവകള്‍ക്ക് ബീഫ് നല്‍കുന്നതിനു എതിരെ സമരവുമായി ബി ജെ പി

അസമിലാണ് സംഭവം. അസം ബിജെപി നേതാവ് സത്യ രഞ്ജന്‍ ബോറയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധം നടത്തിയത്. അസമിലെ ഗുവാഹത്തിയിലുള്ള മൃഗശാലയിലേക്ക് മാര്‍ച്ച് നടത്തിയ ഇവര്‍ ബീഫ് വഹിച്ചുകൊണ്ട് ഉള്ളിലേക്ക് പോകുന്ന വാഹനങ്ങള്‍ തടയാന്‍ ശ്രമിക്കുകയും മെയിന്‍ ഗേറ്റ് ഉപരോധിക്കുകയും ചെയ്തു. ഇവരെ പിന്നീട് പൊലീസ് നീക്കം ചെയ്യുകയായിരുന്നു.

ആന്റി ബീഫ് ആക്ടിവിസ്റ്റുകളെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടായിരുന്നു സത്യ രഞ്ജന്‍ ബോറയുടെയും സംഘത്തിന്റെയും പ്രതിഷേധം. ”ഹിന്ദു സമൂഹത്തില്‍ പശുക്കളെ സംരക്ഷിക്കുന്നതിന് നമ്മള്‍ മുന്‍ഗണന നല്‍കുന്നു. പക്ഷേ, മൃഗശാലയിലെ ജന്തുക്കള്‍ക്ക് ഭക്ഷണമെന്ന പേരില്‍ സര്‍ക്കാര്‍ തന്നെ ബീഫ് വിതരണം ചെയ്യുന്നു. ഞങ്ങളുടെ ചോദ്യം എന്നാല്‍, എന്തിന് ബീഫ് നല്‍കുന്നു? എന്തുകൊണ്ട് മറ്റ് മാംസം നല്‍കിക്കൂടാ? മൃഗശാലയിലുള്ള മ്ലാവുകളുടെ ജനസംഖ്യ അധികമാണ്. പ്രജനനം നടക്കാതിരിക്കാന്‍ പുരുഷ മ്ലാവുകളെ മാറ്റി പാര്‍പ്പിക്കാറുണ്ടല്ലോ. മ്ലാവുകളെ കടുവകള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കിയാല്‍ മൃഗശാലയ്ക്ക് സ്വയം പര്യാപ്തത നേടാനും കഴിയും.”- സത്യ രഞ്ജന്‍ പറഞ്ഞു.

സെന്‍ട്രല്‍ സൂ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഭക്ഷണമാണ് മൃഗശാലയില്‍ നല്‍കുന്നതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ തേജസ് മരിസ്വാമി പറഞ്ഞു. നിയമപ്രകാരം മൃഗശാലയിലെ മൃഗങ്ങളെ മാസംഭുക്കുകള്‍ക്ക് ഭക്ഷണമായി നല്‍കാന്‍ പാടില്ല. തന്നെയുമല്ല, മ്ലാവ് ഒരു വന്യജീവിയാണ്. വന്യജീവികളെ കൊല്ലാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മ്ലാവുകള്‍ വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗമാണ്. അവയെ സംരക്ഷിക്കണമെന്നാണ് രാജ്യാന്തര ചട്ടം.