സ്വര്‍ണ്ണക്കടത്ത് കേസ് ദേശീയ തലത്തില്‍ ഉന്നയിച്ച് ബി.ജെ.പി

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് ദേശീയതലത്തില്‍ ഉന്നയിച്ച് ബി.ജെ.പി. സ്വര്‍ണക്കടത്ത് സാധാരണ കേസല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ട്. തെളിവുകള്‍ നശിപ്പിക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി നിലപാട് മാറ്റുകയാണ്. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് പറഞ്ഞ സര്‍ക്കാര്‍ പിന്നീട് നിലപാട് മാറ്റി. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി മുരളീധരന്‍ ഇതിന് മുന്‍പും മാധ്യമങ്ങളെ കണ്ടിരുന്നുവെങ്കിലും ബിജെപി ദേശീയ തലത്തില്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങളെ കാണുന്നത് ആദ്യമായാണ്. നാല് ഏജന്‍സികളുടെ അന്വേഷണം തുടരുന്നതിനിടെയാണ് ബിജെപിയുടെ ഈ നീക്കം. ബിജെപി ദേശീയ വക്താവിനൊപ്പമാണ് മുരളീധരന്‍ പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടത്.

അതേസമയം വി മുരളീധരന് കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ ശ്രമം. സ്വന്തം പരാജയം മറച്ചു വെക്കാനാണ് പുതിയ ആരോപണങ്ങളെന്നും കോടിയേരി പറഞ്ഞു.