വിജയ് സേതുപതിയുടെ മകളെ ബലാത്സംഗ0 ചെയ്യുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി

തമിഴ് താരം വിജയ് സേതുപതിയുടെ മകളെ ബലാത്സംഗ0 ചെയ്യുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി. ഋതിക് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുമാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ശ്രീലങ്കന്‍ തമിഴര്‍ നയിക്കുന്ന ദുരിത ജീവിതം പിതാവ് മനസിലാക്കാന്‍ മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി. ട്വീറ്റ് വൈറലായതോടെ ഇയാളെ അറസ്‌റ് ചെയ്യണമെന്ന ആവശ്യവുമായി നിരവധി പേര് രംഗത്തത്തിയിരുന്നു. DMK എംപി സെന്തില്‍ കുമാര്‍, ഗായിക ചിന്മയ തുടങ്ങിയവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസവും സണ്‍ റൈസേഴ്സ് ഹൈദരാബാദ് പരിശീലകനുമായ മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന ചിത്രമായിരുന്നു ‘800’.

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപിക്കായ ‘800’ എന്ന സിനിമയ്ക്കെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ചിത്രതെത്തില്‍ നിന്ന് പിന്മാറുന്നതായി വിജയ് സേതുപതി അറിയിക്കുകയും ചെയ്തിരുന്നു. ചിത്രത്തില്‍ മുരളീധരനായി വേഷമിടുന്ന വിജയ് സേതുപതിയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയര്‍ന്നത്. തമിഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയില്‍ നിന്നുള്ള താരത്തിന്റെ സിനിമയില്‍ വേഷമിടുന്ന വിജയ് സേതുപതി തമിഴ് മക്കള്‍ക്ക് അപമാനമാണെന്നും വിമര്‍ശനമുണ്ടായിരുന്നു. മുത്തയ്യയുടെ ഭാര്യ മതിമലര്‍ രാമമൂര്‍ത്തി ചെന്നൈ സ്വദേശിനിയാണ്.

പ്രതിഷേധം ശക്തമായതോടെ മുത്തയ്യ മുരളീധരന്റെ ആവശ്യപ്രകാരമാണ് വിജയ് സേതുപതി ചിത്രത്തില്‍ നിന്നും പിന്മാറിയത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വിജയ് സേതുപതിക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് നീക്കം. മുരളി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ തന്റെ വാര്‍ത്താകുറിപ്പ് പങ്കുവച്ചിട്ടുണ്ട്.