സിനിമ നിര്‍മ്മിക്കാന്‍ പണം കണ്ടെത്താന്‍ ആട് മോഷണം പതിവാക്കിയ ഭാവി താരങ്ങളായ സഹോദരങ്ങള്‍ അറസ്റ്റില്‍

തങ്ങളെ നായകന്‍മാരാക്കി അച്ഛന്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പണം കണ്ടെത്താന്‍ ആടുകളെ മോഷ്ടിച്ച സഹോദരന്‍മാര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലാണ് കോമഡി സിനിമയെ വെല്ലുന്ന സംഭവം യഥാര്‍ഥ ജീവിതത്തില്‍ നടന്നത്. മൂന്നു വര്‍ഷമായി ആടുമോഷണം പതിവാക്കിയ ന്യൂ വാഷര്‍മെന്‍പേട്ടിലെ സഹോദരങ്ങളായ വി നിരഞ്ജന്‍ കുമാര്‍ (30), ലെനിന്‍ കുമാര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മാധവരം പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിജനമായ പാടങ്ങളില്‍ മേയുന്ന ആടുകളെ കടത്തിക്കൊണ്ടു പോകുന്നതാണ് ഇവരുടെ പതിവ് രീതി. സംശയം തോന്നാതിക്കാന്‍ ഒരു പ്രദേശത്ത് നിന്നും ഒന്നോ രണ്ടോ ആടുകളെ മാത്രമെ ഒരു ദിവസം മോഷ്ടിക്കൂ. ഒക്ടോബര്‍ 9 ന് മാധവരാമിലെ പളനിയില്‍ നിന്ന് ആറ് ആടുകളില്‍ ഒന്നിനെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചു. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സഹോദരന്മാര്‍ വലയിലായത്. സി.സി ടിവി ദൃശ്യങ്ങളില്‍ ഒരു കാര്‍ കണ്ടെത്തിയെങ്കിലും രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തമായിരുന്നില്ല. തുടര്‍ന്നാണ് പ്രദേശത്ത് ദിവസേന ഒരു ആടിനെയെങ്കിലും കാണാതാകുന്നത് പതിവാണെന്ന വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സിവില്‍ വേഷത്തില്‍ പൊലീസുകാരെ വിന്യസിച്ചു.

എന്നാല്‍ ഇതൊന്നും അറിയാതെ പതിവ് മോഷണത്തിനിറങ്ങിയ സഹാദരന്‍മാര്‍ പൊലീസിന്റെ വലിയില്‍ വീഴുകയായിരുന്നു. ഇരുവരുടെയും പിതാവ് വിജയ് ശങ്കര്‍ തന്റെ മക്കളെ നായകന്‍മാരാക്കി ‘നീ താന്‍ രാജ’ എന്ന പേരില്‍ ഒരു സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നതായിപൊലീസ് പറയുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയതോടെയാണ് അച്ഛനെ സഹായിക്കാനായി മക്കള്‍ മോഷണത്തിനിറങ്ങിയത്.

ഒന്നോ രണ്ടോ ആടുകളെ നഷ്ടപ്പെട്ടാല്‍ ആരും പരാതി നല്‍കില്ലെന്ന പ്രതീക്ഷയാണ് മോഷണം തുടരാന്‍ പ്രേരിപ്പിച്ചതെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. ഏതായാലും മോഷണക്കുറ്റത്തിന് അറസ്റ്റിലായ സിനിമാ നടന്‍മാര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ആടു മോഷണത്തിലൂടെ ദിവസേന എണ്ണായിരം രൂപവരെയാണ് ഇരുവരും സമാഹരിച്ചിരുന്നത്. ഇതിനായി ദിവസേന എട്ടു മുതല്‍ പത്ത് ആടുകളെ വരെ മോഷ്ടിക്കും. ചെങ്ങല്‍പേട്ട്, മാധവരം, മിഞ്ചൂര്‍, പൊന്നേരി എന്നീ വിജനമായ ഗ്രാമ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മോഷണം.