തത്സമയ ചര്‍ച്ചയില്‍ മോദിയുടെ അമ്മയെ അധിക്ഷേപിച്ച സംഭവം ; പ്രതിഷേധം ശക്തം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കെതിരെയാണ് പ്രമുഖ മാധ്യമ സ്ഥാപനമായ ബിബിസി റേഡിയോയിലെ തത്സമയ ഷോയില്‍ അധിക്ഷേപകരമായ പരാമര്‍ശം ഉണ്ടായത്. പരിപാടിയിലേക്ക് വിളിച്ച ശ്രോതാവാണ് പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞത്. ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കിന്റെ ‘ബിഗ് ഡിബേറ്റ്’ റേഡിയോ ഷോയ്ക്കിടെയാണ് സംഭവം. ഇതേത്തുടര്‍ന്ന് ഈ പരിപാടിയുടെ എപ്പിസോഡ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ് ഇപ്പോള്‍.

യുകെയിലെ സിഖുകാര്‍ക്കും ഇന്ത്യക്കാര്‍ക്കുമെതിരായ വംശീയതയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ, സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക പരിഷ്‌കാരങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെക്കുറിച്ച് ചര്‍ച്ച നടന്നു. ഷോയ്ക്കിടെ, വിളിച്ചവരില്‍ ഒരാള്‍ പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരബെന്‍ മോദിക്കെതിരെ നിന്ദ്യമായ വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ സൈറ്റായ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്, അതിനുശേഷം പലരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ എതിര്‍ക്കാത്തതിനും അത് സംപ്രേഷണം ചെയ്യാന്‍ അനുവദിച്ചതിനും നിരവധി പേര്‍ റേഡിയോ ഷോ അവതാരകനെയും ബിബിസി റേഡിയോയ്‌ക്കെതിരെയും വിര്‍മശനവുമായി രംഗത്തെത്തിയിട്ടുണ്ട്.