ഉപയോഗശൂന്യമായി വറ്റി വരണ്ടു വെനീസിലെ കനാലുകള്‍
വെനീസ് നഗരം എന്ന് ആദ്യം കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മയില്‍ വരുന്നത് അവിടെയുള്ള കനാലുകളും യാത്രാ ഗൊണ്ടോളകളുമാണ്. സഞ്ചാരികളെ ഏറ്റവും ആകര്‍ഷിക്കുന്ന ആ കനാലുകള്‍ ഇപ്പോള്‍ വറ്റി വരണ്ടു കിടപ്പാണ്. വറ്റിവരണ്ട കാനാലുകളുടെ വാര്‍ത്തകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഗൊണ്ടോളകള്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ഉപയോഗശൂന്യമായി കിടക്കുന്നതും ചിത്രങ്ങളില്‍ കാണാനാകും. മൂന്നു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് വെനീസിലെ കനാലുകള്‍ വരണ്ട അവസ്ഥയിലാകുന്നത് എന്ന് അവിടെ ഉള്ളവര്‍ പറയുന്നു. കനാലില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് പായലുകളും കക്കകളും വശങ്ങളിലുള്ള ഭിത്തികളില്‍ ഒട്ടിപ്പിടിച്ച അവസ്ഥയിലാണ്. വേലിയേറ്റവും വേലിയിറക്കവും ഏറ്റവുമധികം ബാധിക്കുന്ന മേഖലകളിലൊന്നാണ് വെനീസ്.
വേലിയിറക്കവും മഴ ലഭിക്കാത്തതുമാണ് കനാലുകള്‍ വരളാനുള്ള കാരണമായി കണക്കാക്കപ്പെടുന്നത്. വെനീസിലെ ജലനിരപ്പ് ഇപ്പോള്‍ സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 19 അടി താഴ്ചയിലാണ്. വരും ദിവസങ്ങളില്‍ വേലിയിറക്കവും കൂടുതല്‍ ശക്തമാകാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ പറയുന്നത്. പൂര്‍ണ്ണ ചന്ദ്രന്‍ ഫെബ്രുവരിയില്‍ ദൃശ്യമായതിന് ശേഷമാണ് സമുദ്രത്തിലെ ജലനിരപ്പില്‍ കാര്യമായ മാറ്റം ഉണ്ടായിരിക്കുന്നതെന്ന് അഭിപ്രായമുണ്ട്. ഉയര്‍ന്ന മര്‍ദ്ദമുള്ള മഴ മേഘങ്ങള്‍ രൂപപ്പെടാത്തത് മൂലമാണ് വേണ്ടത്ര മഴ ലഭിക്കാത്തത്. ഇറ്റലിയില്‍ അനുഭവപ്പെടുന്ന അന്തരീക്ഷത്തിലെ ഉയര്‍ന്ന മര്‍ദ്ദവും ജലനിരപ്പ് താഴാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നു.
ഇതിനു മുന്‍പ് 2008 ലും കരയിലെ ജലനിരപ്പ് റെക്കോര്‍ഡ് നിലയിലേയ്ക്ക് താഴ്ന്നിരുന്നു. വേലിയേറ്റം ശക്തമാകുന്ന സമയത്ത് നഗരത്തില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നത് പതിവ് കാഴ്ചയാണ്. അതിനാല്‍ ഈ സമയത്ത് സഞ്ചരിക്കാനായി ജനങ്ങള്‍ പ്രത്യേക മാര്‍ഗ്ഗങ്ങളും സജ്ജമാക്കിയിട്ടുണ്ട്. അടുത്തടുത്ത വര്‍ഷങ്ങളിലായി വെള്ളപ്പൊക്കവും വേലിയിറക്കവും ശക്തമായത് മൂലം വിനോദ സഞ്ചാര മേഖലയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഗവണ്‍മെന്റ്.









