ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് ആരവം ഉയരും ; ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടും

സര്‍ക്കാറിന്റെയും അധികാരികളുടെയും കനത്ത അവഗണനകള്‍ക്ക് ഇടയിലും തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകാനൊരുങ്ങുന്നു. ട്വന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളുടെ ഫിക്സ്ചര്‍ ബി സി സി ഐ ഇന്ന് പുറത്തുവിട്ടതിലാണ് കാര്യവട്ടവും ഇടം പിടിച്ചിരിക്കുന്നത്. ന്യൂസിലന്‍ഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് ലോകകപ്പിന് ശേഷം ഇന്ത്യയില്‍ പര്യടനത്തിനെത്തുന്നത്. മൊത്തം 13 ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുക. ഫെബ്രുവരിയില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്നാം ടി20ക്കാണ് കാര്യവട്ടം സ്റ്റേഡിയം വേദിയാകുക. ഫെബ്രുവരി 20നാണ് മത്സരം. മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി 20കളുമാണ് വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.

ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ഹോം സീസണ് തുടക്കമാവുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നവംബര്‍ 17ന് ജയ്പൂരിലാണ് ആദ്യ മത്സരം. 19ന് റാഞ്ചിയില്‍ രണ്ടാം ടി20യും 21 കൊല്‍ക്കത്തയില്‍ മൂന്നാം ടി20 മത്സരവും നടക്കും. പിന്നാലെ രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയും കളിക്കും. 25ന് കാണ്‍പൂരിലും ഡിസംബര്‍ മൂന്നിന് മുംബൈയിലുമാണ് ടെസ്റ്റ് മത്സരങ്ങള്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വീതം ടി20-ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ആദ്യ ടി20 ഫെബ്രുവരി 15ന് കട്ടക്കിലും രണ്ടാം ടി20 18ന് വിശാഖപട്ടണത്തും നടക്കും. 20ന് നടക്കുന്ന മൂന്നാം മത്സരം കാര്യവട്ടത്ത് നടക്കും. അതിന് മുന്ന് മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പരയും കളിക്കും. അഹമ്മദാബാദ് (ഫെബ്രുവരി 6), ജയ്പൂര്‍ (ഫെബ്രുവരി 9), കൊല്‍ക്കത്ത (ഫെബ്രുവരി 12) എന്നീ നഗരങ്ങള്‍ ഏകദിന മത്സരങ്ങള്‍ക്ക് വേദിയാകും. മത്സരത്തിന് വേദി ആകുവാന്‍ അവസരം ലഭിച്ചത് സ്റ്റേഡിയത്തിനു ശാപമോക്ഷത്തിനു കൂടി വഴിയായി മാറിക്കഴിഞ്ഞു. തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന സ്റ്റേഡിയത്തിനു ആശ്വാസമാണ് ഈ വാര്‍ത്ത. രാഷ്ട്രീയ ഇടപെടലുകളും ചില തല്പര കക്ഷികളുടെ ഗൂഢാലോചനയും കാരണം സ്റ്റേഡിയം ഉപയോഗ ശൂന്യമായി മാറിയിരുന്നു.