മലയാളികള്‍ കുഞ്ഞുങ്ങളെ സ്‌നേഹിക്കാത്തവര്‍ ; ബാലഗോകുലം പരിപാടിയില്‍ വിവാദ പ്രസ്താവനയുമായി സിപിഎം മേയര്‍

കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ കൂടുതല്‍ സ്‌നേഹിക്കുന്നതെന്നും കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച മാതൃ സമ്മേളന വേദിയിലാണ് മേയര്‍ ഇ പ്രസ്താവന നടത്തിയത്. പരിപാടിയുടെ ഉദ്ഘടക കൂടിയായിരുന്നു മേയര്‍. ശ്രീകൃഷ്ണ പ്രതിമയില്‍ തുളസി മാല ചാര്‍ത്തിയാണ് മേയര്‍ വേദിയിലെത്തിയത്. ‘ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്കു ഉള്‍ക്കൊള്ളണം. ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാര്‍ എത്തണമെന്ന് മേയര്‍ പറഞ്ഞു.

പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ല എന്നതിലല്ല, ബാല്യകാലത്ത് കുട്ടികള്‍ക്ക് എന്തു കൊടുക്കുന്നു എന്നു എന്നതിലാണ് പ്രധാനം. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാന്‍ കഴിയണം. അപ്പോള്‍ കുട്ടികളിലും ഭക്തിയും സ്‌നേഹവും ഉണ്ടാകുമെന്നും മേയര്‍ പ്രസംഗിച്ചു. അതേസമയം മേയറെ തള്ളി സിപിഎം ജില്ലാ നേതൃത്വം.ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത മേയറുടെ നടപടി പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ്.പാര്‍ട്ടി ഒരിക്കലും ഇത് അംഗീകരിക്കില്ല കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വിശദീകരിച്ചത്.പ്രസ്താവനയില്‍ പറയുന്നത്…

‘കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി.പി.ഐ.(എം )എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ് .ഇത് സി.പി.ഐ.എം. ന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല .അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സി.പി.ഐ. (എം ) തീരുമാനിച്ചു’ എന്നാണ് പാര്‍ട്ടി നിലപാട്.

എന്നാല്‍ ബാലഗോകുലത്തിന്റെ പരിപാടില്‍ കോഴിക്കോട് മേയര്‍ പങ്കെടുത്തത് വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍ രംഗത്ത്.മേയര്‍ക്ക് പൂര്‍ണ പിന്തുണ.മേയര്‍ പങ്കെടുത്തത് വിവാദമാക്കുന്നവര്‍ സങ്കുചിത മനസുള്ളവരാണ്.ഇത്അപകടകരമായ സ്ഥിതിവിശേഷത്തിലേയ്ക്ക് നയിക്കും .നഗരപിതാവ് എന്ന നിലയിലാണ് അവരെ ക്ഷണിച്ചത് .വ്യത്യസ്ഥ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ സംസ്‌ക്കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.സിപിഎമ്മും അതിനെ എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അമ്മമാരുടെ കൂട്ടായ്മയിലാണ് താന്‍ പങ്കെടുത്തതെന്നാണ് പരിപാടിയില്‍ പങ്കെടുത്തതും അതില്‍ നടത്തിയ പരാമര്‍ശവും വിവാദമായതോടെ മേയര്‍ പ്രതികരിച്ചത്. പരിപാടിക്ക് പോകരുതെന്ന് പാര്‍ട്ടി കര്‍ശനമായി പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ മേയര്‍, ബാലഗോകുലം ആര്‍എസ്എസിന്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പറഞ്ഞത്. വിവാദമുണ്ടായതില്‍ ഏറെ ദുഖമുണ്ടെന്നും മേയര്‍ വിശദീകരിക്കുന്നു.