നാടുകാണി ചുരത്തില്‍ റോഡില്‍ പതിച്ച മരം മുറിച്ചു മാറ്റിയവര്‍ക്ക് അജ്ഞാത രോഗം
വയനാട് നാടുകാണി ചുരത്തില്‍ വാഹനങ്ങളുടെ മുകളില്‍ പതിച്ച മരം മുറിച്ചു മാറ്റിയവര്‍ക്ക് അജ്ഞാത രോഗം. മരം മുറിച്ച് മാറ്റിയവര്‍ക്ക് ഇപ്പോള്‍ ദേഹം നിറയെ ചൊറിച്ചിലാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചൊറിച്ചില്‍ മാറാത്തതിനാല്‍ ഇവര്‍ ചികിത്സ തേടിയിരിക്കുകയാണ്. ദേഹത്ത് തട്ടിയാല്‍ അലര്‍ജിയുണ്ടാക്കുന്ന ചേര് മരമാണ് അന്ന് കാറ്റത്ത് മറിഞ്ഞു വീണത് . കഴിഞ ആഴ്ചയാണ് തമിഴ്‌നാട് ഗൂഡല്ലൂരിനെയും മലപ്പുറത്തെയും ബന്ധിപ്പിക്കുന്ന നാടുകാണി ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുകളിലായി വന്‍മരം വീണത്. അന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷ്പപെട്ടിരുന്നു. കാറിനും ലോറികള്‍ക്കും തകരാര്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ക്ക് കാര്യമായ പ്രശ്‌നങ്ങളുണ്ടായില്ല.
ഗതാഗതത്തിനു തടസമായി കിടന്ന മരം നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്നാണ് മുറിച്ചു മാറ്റിയത്. എന്നാല്‍ മരം മുറിച്ച് മാറ്റിയവര്‍ക്ക് ഇപ്പോള്‍ ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. അന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് മരം മുറിച്ചു മറ്റി പാത ഗതാഗതയോഗ്യമാക്കിയത്.
ആനമറിയിലെ സന്നദ്ധ പ്രവര്‍ത്തകരായ ഏതാനും യുവാക്കളാണ് മരങ്ങള്‍ മുറിച്ചു മാറ്റാന്‍ രംഗത്തിറങ്ങിയത്. മരം വെട്ടി മാറ്റുന്നതിനിടയില്‍ ചൊറിച്ചില്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ വല്യ കാര്യമാക്കിയില്ല. എന്നാല്‍ പിന്നീട് മരം മുറിച്ചവര്‍ക്ക് വലിയ അസ്വസ്തത അനുഭവപ്പെടാന്‍ തുടങ്ങി. ചൊറിച്ചില്‍ തുടര്‍ന്നതിനൊപ്പം ദേഹമാസകലം പൊള്ളലേറ്റ പോലെ ചര്‍മ്മം പൊന്തി വന്നു. മുഖത്തും, മറ്റു ശരീര ഭാഗങ്ങളിലും നീര്‍ വീക്കവും ഉണ്ടായി. ഇതോടെ മരം മുറിച്ചവര്‍ക്ക് ഭയപ്പാടായി. അപകടം തോന്നിയ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചികിത്സ തുടരുകയാണെങ്കിലും ഭയപ്പാട് ഇനിയും ഇവര്‍ക്ക് മാറിയിട്ടില്ല.ശരീരത്തില്‍ അലര്‍ജി ഉണ്ടാക്കുന്ന മരങ്ങളിലൊന്നാണ് ചേര് മരം. കായ , ഇല , തൊലി ഇവയിലെല്ലാം അലര്‍ജിയുണ്ടാക്കുന്ന ഒരുതരം ആല്‍ക്കലോയ്ഡ് ഈ മരത്തില്‍ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് ചൊറിച്ചില്‍ അനുഭവപ്പെടുന്നത്.ഇതിനൊപ്പം ചുവന്ന് തടിക്കുകയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ ചൊറിച്ചിലും അലര്‍ജിയും കാരണം ജോലിക്ക് പോകാന്‍ പറ്റാത്ത നിലയിലാണ് യുവാക്കള്‍ എല്ലാം.









