തെലങ്കാനയില്‍ പ്രവാചക നിന്ദ നടത്തിയ ബിജെപി എംഎല്‍എ അറസ്റ്റില്‍

മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ അറസ്റ്റില്‍. തെലങ്കാനയിലെ ഗോഷാമഹല്‍ എംഎല്‍എ ടി രാജാ സിങ്ങിനെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. രാജാസിംഗിനെതിരെ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ ഹൈദരാബാദില്‍ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നുവരികയായിരുന്നു. ഹൈദരാബാദിലെ ഓള്‍ഡ് സിറ്റി ഏരിയയില്‍ നിന്ന് ചെറിയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ സിവി ആനന്ദിന്റെ ഓഫീസിന് പുറത്ത് പ്രതിഷേധ പ്രകടനങ്ങളും നടന്നു.

10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഓഗസ്റ്റ് 20 ന് ഹൈദരാബാദില്‍ നടത്തിയ ഒരു പരിപാടിയുടെ പേരില്‍ ഹാസ്യനടന്‍ മുനവര്‍ ഫാറൂഖിയെ രാജാ സിംഗ് ആക്ഷേപിച്ചിരുന്നു. ഫാറൂഖി ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് സിംഗ് പരിപാടി തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പരിപാടിക്ക് മുമ്പ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295, 505, 153 എ വകുപ്പുകള്‍ പ്രകാരം പ്രവാചകനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും ബിജെപി എംഎല്‍എയ്ക്കെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തിരുന്നു.

”നഗരത്തില്‍ ക്രമസമാധാനം പാലിക്കാന്‍ ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. രാജാ സിംഗിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു. ഹൈദരാബാദ് കമ്മീഷണറേറ്റിന് കീഴിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ഞങ്ങള്‍ക്ക് ഇയാള്‍ക്കെതിരെ ഒന്നിലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്,” ഡിസിപി സൗത്ത് സോണ്‍ പി സായ് ചൈതന്യ പറഞ്ഞു. നേരെത്തെ ഒരു ടെലിവിഷന്‍ സംവാദത്തില്‍ സമാന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ബിജെപി മുന്‍ വക്താവായ നൂപുര്‍ ശര്‍മ നടത്തിയത് രാജ്യത്തിനു പുറത്തും വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് നൂപൂര്‍ ശര്‍മ്മയെ ബിജെപി സസ്പെന്‍ഡ് ചെയ്തിരുന്നു.