ആശുപത്രി ആക്രമിച്ചത് ഹമാസ് ആണെന്ന് നെതന്യാഹു, വീഡിയോയുമായി ഇസ്രയേല്‍ സേന

ഗാസയിലെ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തില്‍ പിന്നില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ‘ലോകം മുഴുവന്‍ അറിയണം, ഗാസയിലെ കിരാതരായ ഭീകരവാദികളാണ് ആശുപത്രി ആക്രമിച്ചത്. ഐഡിഎഫ് അല്ല’-നെതന്യാഹു എക്സില്‍ കുറിച്ചു. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍, സ്വന്തം കുട്ടികളെയും കൊല്ലുന്നു എന്നും നെതന്യാഹു കുറിച്ചു.

ഗാസയിലെ അല്‍ അഹ്ലി ആശുപത്രിക്ക് സമീപത്തുകൂടി കടന്നുപോയത് ഗാസയിലെ ഭീകകരര്‍ തൊടുത്തുവിട്ട റോക്കറ്റുകളാണ് എന്നാണ് ഐഡിഎഫിന്റെ വിശകലനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇസ്ലാമിക ഭീകരവാദികളുടെ പാളിപ്പോയ റോക്കറ്റ് ലോഞ്ചാണ് ആശുപത്രിയില്‍ പതിച്ചതെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളും സൂചിപ്പിക്കുന്നത് എന്നും നെതന്യാഹു അവകാശപ്പെട്ടു.

അതേസമയം, ആശുപത്രിയിലെ മിസൈല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് എതിരെ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് രംഗത്തെത്തി. ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ വസ്തുതകള്‍ പരിശോധിക്കാതെ ഹമാസിന്റെ തലക്കെട്ടുകള്‍ നല്‍കുകയാണെന്ന് ഐഡിഎഫ് എസ്‌കില്‍ കുറിച്ചു.

ഇസ്രയേലിലേക്ക് ലക്ഷ്യം വെച്ച റോക്കറ്റ് ലക്ഷ്യം തെറ്റി ഗാസയിലെ ആശുപത്രിയില്‍ പതിക്കുന്നു എന്നവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോയും ഇസ്രയേല്‍ സേന പുറത്തുവിട്ടുണ്ട്.

ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിക്ക് നേരെയാണ് രാത്രി ആക്രമണം നടന്നത്. ആക്രമണത്തില്‍ 500 പേര്‍ കൊല്ലപ്പെട്ടു. ആശുപത്രി പൂര്‍ണമായി തകര്‍ന്നു.

ഈ മേഖലയില്‍ ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തുകയായിരുന്നെന്നും ഇതിന്റെ ഭാഗാമായാണ് ആശുപത്രിയേയും ലക്ഷ്യം വെച്ചത് എന്നുമാണ് ഹമാസ് പറയുന്നത്. രോഗികള്‍ക്ക് പുറമേ, ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി അഭയം തേടിയവരും ആശുപത്രിയില്‍ ഉണ്ടായിരുന്നു.

ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ‘ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിയിലുണ്ടായ സ്ഫോടനത്തിലും അതിന്റെ ഫലമായി ഉണ്ടായ ഭയാനകമായ ജീവഹാനിയിലും രോഷാകുലനും ദുഃഖിതനുമാണ്. ഈ വാര്‍ത്ത കേട്ടയുടനെ, ജോര്‍ദാനിലെ അബ്ദുള്ള രണ്ടാമന്‍ രാജാവുമായും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി സംസാരിച്ചു. എന്താണ് സംഭവിച്ചതെന്ന് അന്വേഷണം തുടരാന്‍ ദേശീയ സുരക്ഷാ ടീമിന് നിര്‍ദ്ദേശം നല്‍കി.- ബൈഡന്‍ പറഞ്ഞു.