പിണറായി വിജയന്‍റെ തലവെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ആര്‍ എസ് എസ് നേതാവ്

ഭോപ്പാല്‍ : കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം നല്‍കുമെന്ന് ആര്‍എസ്എസ് നേതാവ്. മധ്യപ്രദേശിലെ ഉജ്ജയ്നിലെ ഡോ.ചന്ദ്രാവത്ത് എന്ന ആര്‍എസ്എസ് പ്രമുഖാണ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്. ഉജ്ജയനില്‍ നടന്ന ചടങ്ങില്‍ പാര്‍ലമെന്റ് അംഗം ചിന്താമണി മാളവ്യ, നിയമസഭാംഗം മോഹന്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാദ പരാമര്‍ശം. കേരളത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നതിന്റെ പ്രതികാരമായി പിണറായി വിജയനെ വധിക്കണമെന്നാണ് ആഹ്വാനം. പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് തന്‍റെ സ്വത്ത് വകകള്‍ വിറ്റും പാരിതോഷികം നല്‍കുമെന്ന് ചന്ദ്രാവത്ത് പറയുകയായിരുന്നു. അടുത്തിടെ മംഗളൂരുവില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ റാലിയില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നത് തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. തന്നെ തടയുമെന്ന് പ്രഖ്യാപിച്ച സംഘടനകള്‍ക്കെതിരെ അദ്ദേഹം മംഗളൂരുവില്‍ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ ഇപ്പോള്‍ പരസ്യ ഭീഷണി ഉണ്ടായിരിക്കുന്നത്.