ഐ.എ.എസ്.സി ജൂബിലി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഗംഭീരസമാപനം

വിയന്ന: ഇന്‍ഡോ ഓസ്ട്രിയന്‍ സ്‌പോര്‍ട്‌സ് ക്ലബ് (ഐ.എ.എസ്.സി) ഇരുപതാമത്തെ ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ആവേശം അലതല്ലിയ മത്സരങ്ങള്‍ വിയന്നയിലെ പുതുതലമുറയുടെ പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി. പതിനഞ്ചിലധികം ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.

20 വയസിനു മുകളിലുള്ളവരുടെ ഗ്രൂപ്പില്‍ കേരള യുണൈറ്റഡ് ജേതാക്കളായി. ഐ.എ.എസ്.സി എ ടീമും, ഐ.എ.എസ്.സി കാട്ടാസും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഈ വിഭാഗത്തിലെ ഏറ്റവും നല്ല കളിക്കാരനായി ടോം കുഞ്ഞുപറമ്പിലും, ഗോളിയായി ജസ്റ്റിന്‍ കാരയ്ക്കാട്ടും, ടോപ് സ്‌കോററായി സാം വലിയപുറവും തിരഞ്ഞെടുക്കപ്പെട്ടു.

20 വയസിനു താഴെയുള്ളവരുടെ മത്സരത്തില്‍ ഐ.എ.എസ്.സി കുട്ടപ്പന്‍സ് വിയന്ന ബ്ലാസ്റ്റേഴ്സിനെ പരാജപ്പെടുത്തി കപ്പില്‍ മുത്തമിട്ടു. എഫ്.സി വിയന്ന മൂന്നാം സ്ഥാനം കരസ്ഥമാക്കി. ടോപ് സ്‌കോററായി ഫെബിന്‍ പുത്തന്‍വീട്ടിലും, ഗോളിയായി നവീന്‍ തുരുത്തുമേലും തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും നല്ല കളിക്കാരനുള്ള ട്രോഫി അലക്‌സാണ്ടര്‍ അഞ്ചേരില്‍ കരസ്ഥമാക്കി.

13 വയസിനു താഴെയുള്ളവരുടെ മത്സരത്തില്‍ ഐ.എ.എസ്.സി 1, ഐ.എ.എസ്.സി 2 എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ബേസില്‍ തലപ്പിള്ളില്‍ നല്ല കളിക്കാരനായും, ഗോളിയായി ദാവീദ് ജോര്‍ജ്ജും ഈ വിഭാഗത്തില്‍ ട്രോഫികള്‍ കരസ്ഥമാക്കി.

വര്‍ഷങ്ങളായി ടീമുകളെ ഏകോപിക്കുന്നതിലും, ക്രമീകരണങ്ങള്‍ ഒരുക്കുന്നതിലും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അന്റോണ്‍ ടോം, കെവിന്‍ ഉഴുന്നുപുറം, ഹാരി മേലേടത്ത്, മാര്‍ട്ടിന്‍ മതുപ്പുറത്ത് എന്നിവരെ ടൂര്‍ണ്ണമെന്റില്‍ ക്ലബ് ആദരിച്ചു.

ക്‌ളബ്ബിന്റെ ജൂബിലി ആഘോഷിച്ച ടൂര്‍ണമെന്റില്‍ ഐ.എ.എസ്.സിയുടെ സ്ഥാപക പ്രസിഡന്റ് പാപ്പച്ചന്‍ പുന്നയ്ക്കല്‍ ഉത്ഘാടനപ്രസംഗം നടത്തി. ഫുട്‌ബോള്‍ കോഓര്‍ഡിനേറ്റര്‍ സജി മതുപ്പുറത്ത് നന്ദി അറിയിച്ചു. അന്റോണ്‍ ടോം, ഘോഷ് അഞ്ചേരില്‍, പ്രിന്‍സ് പത്തിപറമ്പില്‍, വിനോദ് യേശുദാസ്, ജോജന്‍ തറമംഗലത്തില്‍, ജോബി ജോര്‍ജ്ജ്, പ്രദീപ് പൗലോസ്, സോജി മതുപ്പുറം, റെസി പാലമറ്റം, റോസി പുന്നയ്ക്കല്‍, ബിന്ദു ജോണ്‍ എന്നിവര്‍ ടൂര്‍ണമെന്റിന്റെ നടത്തിപ്പിന് സഹായങ്ങള്‍ നല്‍കി. ഫോട്ടോസ്: സോണിയ മാര്‍ക്കോസ്, ക്ലൗഡിയ അഞ്ചേരില്‍.
More Images> https://drive.google.com/open?id=1nuIZTLIiGSqFQNfjg5O2aMa_OMWxLeYU