സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് പണം കൈമാറിയിരിക്കുന്നത് കാമുകിയുടെ സഹോദരന്റെ അക്കൗണ്ടിലേക്ക്

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി ആയിരുന്ന റിയ ചക്രവര്‍ത്തിക്കു മേലുള്ള കുരുക്ക് ഓരോ ദിവസം കഴിയുന്തോറും മുറുകുന്നു. നിലവില്‍ സുശാന്തിന്റെ ബാങ്ക് അക്കൗണ്ടും അക്കൗണ്ടില്‍ നിന്ന് നടന്നിട്ടുള്ള പണമിടപാടുകളെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചു വരികയാണ്. കോടിക്കണക്കിന് രൂപയാണ് സുശാന്ത് സിംഗ് രാജ്പുതിന്റെ അക്കൗണ്ടില്‍ നിന്ന് റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തിയുടെ അക്കൗണ്ടിലേക്ക് അയച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്.

സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് പണം നേരിട്ട് ഷോവിക് ചക്രവര്‍ത്തിയുടെ അക്കൗണ്ടിലേക്ക് അയയ്ക്കുകയായിരുന്നു. കൊടാക് ബാങ്ക് വഴിയാണ് പണമിടപാടുകള്‍ നടന്നിരിക്കുന്നത്. ഇന്ന് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുമ്പാകെ റിയ ചക്രവര്‍ത്തി ഹാജരായിരുന്നു. സഹോദരന്‍ ഷോവികിനൊപ്പം ആയിരുന്നു റിയ ചോദ്യം ചെയ്യലിനായി ഹാജരായത്.

റിയയുടെ സ്വത്തുക്കളെക്കുറിച്ചാണ് ഇന്ന് പ്രധാനമായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ബാങ്ക് അക്കൗണ്ടുകള്‍, ആദായനികുതി, വരുമാനം, സമ്പാദ്യം എന്നിവയെക്കുറിച്ചും വരും ദിവസങ്ങളില്‍ റിയ ചോദ്യം ചെയ്യപ്പെടും. 2019നും 2020 ജനുവരിക്കും ഇടയില്‍ സുശാന്ത് സിംഗ് രാജ്പുത് രണ്ട് കമ്പനികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. റിയയ്ക്ക് എതിരെ ആരോപണവുമായി സുശാന്തിന്റെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്.