പിതാവിനോടുള്ള പ്രതികാരം ; അഞ്ചുവയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
പിതാവിനോടുള്ള പ്രതികാരം തീര്‍ക്കാന്‍ അഞ്ചുവയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തില്‍ ഏപ്രില്‍ 30നായിരുന്നു സംഭവം. മധ്യപ്രദേശ് റേവാ സ്വദേശി സുജിത് സകേത് എന്ന 27കാരനാണ് പ്രതി. പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോയ പെണ്‍കുട്ടിയെ ചോക്ലേറ്റ് നല്‍കിയാണ് സുജിത് താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്തു. പെണ്‍കുട്ടി നിലവിളിച്ചതിനാല്‍ കല്ലു കൊണ്ട് മര്‍ദിക്കുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്തു. കുട്ടിയെ കാണാതായതിനു പിന്നാലെ വീട്ടുകാരും ബന്ധുക്കളും തിരച്ചില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിയും നല്‍കി. പ്രദേശവാസികളായ ഒട്ടേറെപ്പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് സുജിത്തിനെക്കുറിച്ച് ചിലര്‍ സംശയം പ്രകടിപ്പിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിനു പിന്നാലെയാണ് കുറ്റകൃത്യത്തിന്റെ ചുരുളഴിയുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോവിഡ് പരിശോധനയ്ക്ക് ശേഷം പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവും പ്രതിയുമായി രണ്ടു വര്‍ഷം മുമ്പ് ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൃത്യം ചെയ്തതെന്നാണ് പ്രതി പൊലീസിനു നല്‍കിയ മൊഴി.









