കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി ; 43 പുതിയ മന്ത്രിമാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യും
രണ്ടാം മോദി സര്‍ക്കാരിലെ വമ്പന്‍ അഴിച്ചുപണിക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഏഴു മന്ത്രിമാര്‍ രാജിവെച്ചു. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, സഞ്ജയ് ധോത്രെ, ദേബശ്രീ ചൗധരി, ഡി വി സദാനന്ദ ഗൗഡ, റാവുസാഹേബ് ദാന്‍വേ പട്ടേല്‍ എന്നിവരാണ് രാജിവെച്ചത്. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായിട്ടാണ് ഇവരുടെ രാജി. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണ് ഇന്ന് വൈകിട്ട് നടക്കുന്നത്. കോവിഡ് പ്രതിരോധത്തിലെ വീഴ്ചയാണ് ഹര്‍ഷവര്‍ധന്റെ സ്ഥാനനഷ്ടത്തിന് കാരണമായതെന്നാണ് സൂചന.
ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയും രാജിവെച്ചിട്ടുണ്ട്. ആരോഗ്യപരമായ കാണങ്ങളാലാണ് രാജിയെന്നാണ് രമേശ് പൊഖ്രിയാലും സന്തോഷ് ഗാങ്ങ്വാറും രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഇനിയും ചില മന്ത്രിമാര്‍ കൂടി രാജിവെക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ടും വമ്പന്‍മാറ്റങ്ങള്‍ വരുത്തിയുമാണ് പുനഃസംഘടന.
ജ്യോതിരാദിത്യ സിന്ധ്യ,സര്‍ബാനന്ദ സോനാവാള്‍, മീനാക്ഷി ലേഖി ,എന്നിവര്‍ കേന്ദ്രമന്ത്രിമാരാകും. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറിനേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. സിന്ധ്യയ്ക്ക് വാണിജ്യം, ടെലികോം വകുപ്പുകള്‍ നല്‍കാനാണ് സാധ്യത. അനുരാഗ് ഠാക്കൂര്‍, ജി കിഷന്‍ റെഡി എന്നിവര്‍ക്ക് ക്യാബിനറ്റ് പദവി ലഭിക്കാനും സാധ്യത നിലനില്‍ക്കുന്നു. പുതിയ മന്ത്രിമാരുടെ പട്ടിക രാഷ്ട്രപതി ഭവന് കൈമാറി. ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ച പുരോഗമിക്കുകയാണ്.
നിലവില്‍ പ്രധാനമന്ത്രി അടക്കം 54 പേരാണ് മന്ത്രിസഭയിലുള്ളത്. ഭരണഘടന പ്രകാരം 81 പേര്‍ക്ക് മന്ത്രിസഭയില്‍ അംഗമാകാം. രണ്ട് വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ചില മന്ത്രിമാരെ ഒഴിവാക്കാനും പകരം യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കാനും സാധ്യതയുണ്ട്. വിവിധ മതസാമുദായിക വിഭാഗങ്ങള്‍ക്കും തുല്യപ്രാധാന്യം ലഭിച്ചേക്കും. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിമാര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്.









